മുപ്ലിവണ്ടുകൾ വ്യാപിക്കുന്നു; ഉറക്കമില്ലാതെ ജനം
1417419
Friday, April 19, 2024 6:36 AM IST
കറുകച്ചാൽ: ജനങ്ങളുടെ ഉറക്കംക്കെടുത്തി മുപ്ലിവണ്ടുകൾ. കറുകച്ചാൽ മേഖലയുടെ വിവിധ പ്രദേശങ്ങളിൽ മുപ്ലിവണ്ട് വ്യാപിച്ചതോടെ ജനങ്ങൾ പ്രതിസന്ധിയിലായി. മാന്തുരുത്തി, ചമ്പക്കര, കുറുപ്പൻ കവല ഭാഗം, കറുകച്ചാൽ എൻഎസ്എസ് എസ്റ്റേറ്റ് ഭാഗം, പനയമ്പാല, ശാന്തിപുരം, നെടുങ്ങാടപ്പള്ളി തുടങ്ങിയ മേഖലകളിലെല്ലാം മുപ്ലി വണ്ട് ശല്യം പെരുകിയിരിക്കുകയാണ്.
റബർ തോട്ടങ്ങളോടു ചേർന്നുള്ള പ്രദേശങ്ങളിൽ ആയിരുന്നു നേരത്തെ ഇവറ്റകളുടെ ശല്യം. എന്നാൽ കഴിഞ്ഞ കുറേനാളുകളായി ഇവ മിക്ക പ്രദേശങ്ങളിലും വ്യാപകമാണ്. പകൽ സമയങ്ങളിൽ ഇവയെ കാണപ്പെടാറില്ലെങ്കിലും സന്ധ്യയാകുന്നതോടെ ഇവ കൂട്ടമായി വീടുകളിലേക്ക് പറന്നെത്തി തെളിഞ്ഞുകിടക്കുന്ന ഇലക്ട്രിക് ബൾബിനു ചുറ്റും കൂട്ടംകൂടും.
തുടർന്ന് വസ്ത്രങ്ങൾ, കിടക്കകൾ, തീൻമേശ, ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയിൽ ചേക്കേറും. ഈ പ്രാണികളുടെ രൂക്ഷഗന്ധമുള്ള സ്രവം മനുഷ്യശരീരത്തു സ്പർശിച്ചാൽ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും പലർക്കും അനുഭവപ്പെടാറുണ്ട്. ഇവയുടെ വ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.