മഴ തോര്‍ന്നു, വെള്ളം ഇറങ്ങിത്തുടങ്ങി പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍
1340135
Wednesday, October 4, 2023 6:29 AM IST
കോട്ടയം: കനത്തുപെയ്ത മഴ ശമിച്ച് മാനം തെളിഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. ഇന്നലെ ജില്ലയില്‍ കാര്യമായി മഴ പെയ്തില്ല. രാത്രി കാഞ്ഞിരപ്പള്ളി, വൈക്കം താലൂക്കുകളില്‍ ചെറിയ മഴയുണ്ടായിരുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയർന്നുതന്നെയാണ്.
തിരുവാര്‍പ്പ്, അയ്മനം , ആര്‍പ്പൂക്കര, കുമരകം തുടങ്ങിയ പഞ്ചായത്തുകളിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. തിരുവാര്‍പ്പിലും അയ്മനത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നുണ്ട്. തിരുവാര്‍പ്പില്‍ കിളിരൂര്‍ ഗവൺമെന്റ് യുപി സ്കൂളിലും തിരുവാര്‍പ്പ് ഗവൺമെന്റ് യുപി സ്കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍.

അയ്മനം പഞ്ചായത്തില്‍ ഒളശ സിഎംഎസ് എല്‍പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഇവിടെ എട്ടു കുടുംബങ്ങളാണ് കഴിയുന്നത്. അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഏതു നിമിഷവും വെള്ളം കയറാവുന്ന അവസ്ഥയിലാണ്.
വിരിപ്പുകൃഷിയും പുഞ്ചകൃഷിയും ഇറക്കിയ പാടങ്ങള്‍ വെള്ളപ്പൊക്കം മൂലം മട ഭീഷണി നേരിടുകയാണ്. എംഎം ബ്ലോക്കില്‍ മട വീണു. മെത്രാന് കായലില്‍ പാടത്തേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ച് നിരത്തി വെള്ളം തടയാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
കോട്ടയം-കുമരകം റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിത്തുടങ്ങി. ഇല്ലിക്കല്‍ പാലത്തിന്റെ ഇറക്കം മുതല്‍ കുമരകം പെട്രോള്‍ പമ്പിന്റെ ഭാഗംവരെ പല സ്ഥലങ്ങളിലും വെള്ളമുണ്ട്. ഇല്ലിക്കല്‍ കവല, അറുപറ വളവിന്റെ പടിഞ്ഞാറു വശം, ആമ്പക്കുഴി ഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍ വെള്ളം ഉള്ളത്. വാഹന ഗതാഗത്തിന് തടസമില്ല.
മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും കൈവഴികളും നിറഞ്ഞൊഴുകുകയാണ്. വൈക്കം താലൂക്കില്‍ ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറേക്കര, വാഴമന, അയ്യര്‍കുളങ്ങര, ടിവി പുരം പഞ്ചായത്തിലെ മണ്ണത്താനം, ചേരിക്കല്‍, തലയോലപ്പറമ്പ് പഞ്ചായത്തിലെ കോരിക്കല്‍, പഴമ്പട്ടി എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഒന്നും താലൂക്ക് കണ്ട്രോള് റൂമുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.