റോഡ് ചെളിക്കുളമായി യാത്ര ദുരിതപൂർണം
1339641
Sunday, October 1, 2023 6:23 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ ഒന്പതാം വാർഡിലെ പട്ടത്താനം-തറവാതുക്കൽ റോഡ് ചെളിക്കുണ്ടായതിനെത്തുടർന്ന് യാത്ര ദുരിതമായി. മഴ ശക്തമായതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനട യാത്രക്കാർക്കടക്കം വീണു പരിക്കേറ്റതായി നാട്ടുകാർ ആരോപിക്കുന്നു.
വിദ്യാർഥികളടക്കം നിരവധിപേർ സഞ്ചരിക്കുന്ന റോഡാണിത്. 25 വർഷത്തിലധികം പഴക്കമുള്ള റോഡ് നന്നാക്കണമെന്നു ബന്ധപ്പെട്ട അധികൃതരോടു പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണു നാട്ടുകാരുടെ ആരോപണം.
റോഡു തകർന്നതോടെ അസുഖ ബാധിതരെ ആശുപത്രിയിൽ എത്തിക്കാനായി ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരാൻ വിമുഖത കാട്ടുകയാണ്.
റോഡിലൂടെ സഞ്ചരിച്ചാൽ വാഹനം തകരാറിലാകുമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നത്. റോഡു നന്നാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.