ശുചീകരണത്തിന് വഴി മുട്ടി പഞ്ചായത്തുകൾ
1339514
Sunday, October 1, 2023 12:37 AM IST
എരുമേലി: മഴ ശക്തമായതോടെ ഇന്ന് കേന്ദ്ര സർക്കാർ നിർദേശപ്രകാരവും നാളെ സംസ്ഥാന സർക്കാർ നിർദേശ ഭാഗമായും ശുചീകരണ യജ്ഞം എങ്ങനെ നടത്തുമെന്ന ആശയക്കുഴപ്പത്തിൽ പഞ്ചായത്തുകൾ.
അടുപ്പിച്ച് രണ്ട് ദിവസം ശുചീകരണവും ഒപ്പം ശക്തമായ മഴയും ആയതോടെ പരിപാടികൾ വിജയകരമാകുമോ എന്ന് ആശങ്ക. ശുചീകരിച്ച ശേഷം മാലിന്യങ്ങൾ സംസ്കരിക്കുന്ന കാര്യത്തിലും പ്രതിസന്ധി. ജനപങ്കാളിത്തം കുറയുമെന്ന ആശങ്കയിൽ ജനപ്രതിനിധികൾ.
സ്വച്ഛതാ ഹി സേവാ
സ്വച്ഛതാ ഹി സേവാ കാമ്പയിൻ ഭാഗമായി ഇന്ന് രാവിലെ പത്ത് മുതൽ 11 വരെ ഒരു മണിക്കൂർ സമയമാണ് കേന്ദ്ര സർക്കാർ ആഹ്വാനപ്രകാരമുള്ള ശുചീകരണം. ഇത് പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും നഗരസഭകളിൽ ഒരു വാർഡിൽ രണ്ടിടത്ത് എന്ന നിലയിലും നടത്തണമെന്നാണ് നിർദേശം.
കേന്ദ്ര സർക്കാരിന്റെ ഇന്നത്തെ ശുചീകരണ പരിപാടിയുടെ മുന്നൊരുക്ക വിലയിരുത്തലിന് ഇന്നലെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഓൺലൈനായി യോഗം ചേർന്നിരുന്നു. നിലവിൽ എല്ലാ പഞ്ചായത്തുകളും നഗരസഭകളും സ്വച്ചതാ പോർട്ടലിൽ ഇന്നത്തെ ശുചീകരണ പരിപാടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ഇന്ന് രാവിലെ ഒരു മണിക്കൂർ ശുചീകരണത്തിന് കേന്ദ്ര സർക്കാർ പോർട്ടലിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശുചീകരണം നടത്തുന്നതിന് മുമ്പ് മാലിന്യങ്ങൾ നിറഞ്ഞ സ്ഥലത്തിന്റെ ചിത്രം പകർത്തണം. തുടർന്ന് ശുചിത്വ പാലന പ്രതിജ്ഞ ചൊല്ലി ശുചീകരണം നടത്തണം.
വാർഡിലെ ഒരു പ്രധാന വ്യക്തിയെ വിശിഷ്ട അതിഥിയായി പങ്കെടുപ്പിക്കണം. ശുചീകരണം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഒപ്പം പകർത്തണം. ശുചീകരണം പൂർത്തിയായ ശേഷമുള്ള ചിത്രങ്ങളും വീഡിയോയും എടുക്കണം.
വൈകുന്നേരത്തിനകം ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്താൽ മാത്രമാണ് ശുചീകരണം നടന്നതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുക എന്നതാണ് കേന്ദ്ര നിർദേശങ്ങൾ.
മാലിന്യ മുക്ത കാമ്പയിൻ
മാലിന്യ മുക്തം നവ കേരളം കാമ്പയിൻ ഭാഗമായയാണ് നാളെ ഗാന്ധി ജയന്തി ദിനത്തിൽ ഓരോ വാർഡിലും 200 പേരെ വീതം പങ്കെടുപ്പിച്ചു ശുചീകരണം നടത്താൻ കേരള സർക്കാർ നിർദേശിച്ചിരിക്കുന്നത്.
നിലവിൽ പ്രതികൂലമായ കാലാവസ്ഥ മൂലം ഈ പ്രവൃത്തികൾ ജന പങ്കാളിത്തത്തോടെ നടത്തുക പ്രയാസകരമായിരിക്കുകയാണ്. മഴ കുറഞ്ഞാൽ തടസങ്ങളില്ലെന്ന് പഞ്ചായത്തുകൾ വിലയിരുത്തുന്നു.
വാർഡുകളിലെ ഹരിത കർമ സേന അംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ ഹെൽപ്പർമാർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ സിഡിഎസ് - എഡിഎസ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണം നടത്താനാണ് നിലവിൽ പഞ്ചായത്തുകളിൽ തീരുമാനിച്ചിരിക്കുന്നത്.