ഇലക്ട്രിക് വീല്‍ചെയറിൽ ഇനി ശ്രീനന്ദയ്ക്ക് പുറംലോകത്തേക്കിറങ്ങാം
1301585
Saturday, June 10, 2023 12:55 AM IST
മാടപ്പള്ളി: ഇരുചക്ര വാഹനാപകടത്തില്‍ അഞ്ചുവര്‍ഷം മുന്‍പ് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട ശ്രീനന്ദയ്ക്ക് നാലു ചുവരുകള്‍ക്കപ്പുറത്തുള്ള ലോകത്തേക്കിറങ്ങാന്‍ ഇനി ഇലക്ട്രിക് വീല്‍ചെയര്‍ സ്വന്തം.
മാടപ്പള്ളി പഞ്ചായത്ത് പതിനാറാം വാര്‍ഡ് കല്ലുവെട്ടത്ത് കല്പന ലൈബ്രറിക്കു സമീപം മൂലയില്‍ അഭിലാഷിന്റെയും സജിനിയുടെയും ഏകമകളാണ് ശ്രീനന്ദ. ഓടിക്കളിക്കേണ്ട പ്രായത്തില്‍ വീടിനുള്ളില്‍ ഒതുങ്ങിക്കഴിയേണ്ടി വന്ന ശ്രീനന്ദയുടെ നിറം മങ്ങിയ മുഖത്തിന് പ്രതീക്ഷ സമ്മാനിക്കണമെന്ന വാര്‍ഡ് മെംബറും മാടപ്പള്ളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി.എ ബിന്‍സന്റെ ആഗ്രഹമാണ് ഇലക്ട്രിക് വീല്‍ചെയര്‍ എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കെത്തിച്ചത്.
ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ നല്കുന്ന മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റീവ് പദ്ധതിയില്‍പ്പെട്ട ഇലക്ട്രിക് വീല്‍ച്ചെയര്‍ ശ്രീനന്ദയ്ക്ക് നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജുവിനോടാവശ്യപ്പെടുകയും അത് അനുവദിക്കുകയുമായിരുന്നു. വാര്‍ഡ് മെംബറുടെ സാന്നിധ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ജോസഫ് ശ്രീനന്ദയ്ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ചു.
മാടപ്പള്ളി ഗവൺമെന്റ് എല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദയ്ക്ക് മാടപ്പള്ളി ബിആര്സിയില്നിന്ന് അധ്യാപിക വീട്ടിലെത്തി ക്ലാസ് എടുത്തു നല്‍കുന്നുണ്ട്.