വന്യമൃഗ ആക്രമണം: സംരക്ഷണം തേടി പഞ്ചായത്ത് പ്രമേയം
1299413
Friday, June 2, 2023 12:47 AM IST
എരുമേലി: വന്യജീവികൾ കാടിറങ്ങി നാട്ടിൽ ആക്രമണം നടത്തുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എരുമേലി പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചാണ് പ്രമേയം അവതരിപ്പിച്ചത്.
വന്യമൃഗങ്ങൾക്ക് താവളമാക്കാൻ അവസരമാകുന്ന നിലയിൽ കാടുകൾ വളർന്ന തോട്ടങ്ങളുടെയും പുരയിടങ്ങളുടെയും ഉടമസ്ഥർ സ്വന്തം ചെലവിൽ കാടുകൾ വെട്ടിനീക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് കക്ഷിയായി നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. പഞ്ചായത്ത് പരിധിയിലുള്ള വനങ്ങളുടെ അതിർത്തികളിൽ അലാറം, സോളാർ വേലികൾ, കിടങ്ങുകൾ എന്നിവ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ സ്ഥാപിക്കണമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി പറഞ്ഞു.