കെഎസ്ആർടിസി മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ജില്ലയിൽ വേണമെന്നാവശ്യം
1532156
Wednesday, March 12, 2025 3:55 AM IST
പത്തനംതിട്ട: കെഎസ്ആർടിസി പുതുതായി ആരംഭിക്കുന്ന മോട്ടോർ ഡ്രൈവിംഗ് സ്കൂൾ പത്തനംതിട്ട ജില്ലയിൽ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിൽ മറ്റു ജില്ലകളിൽ കെഎസ്ആർടിസി ഡിപ്പോകളിൽ സ്ഥലസൗകര്യമുള്ളയിടങ്ങളിലെല്ലാം ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിന് അധികൃതർ അനുമതി നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ മറ്റു ജില്ലകളിലുമായി 22 സ്ഥലങ്ങളിലാണ് കെഎസ്ആർടിസി പുതിയ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ അനുവദിച്ചിരിക്കുന്നത്. പലയിടങ്ങളിലും സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കെഎസ്ആർടിസിയിൽ ഈ രംഗത്ത് പ്രവർത്തന പരിചയമുള്ളവരുടെ നിയന്ത്രണത്തിലാണ് ഡ്രൈവിംഗ് പരിശീലനം നൽകുന്നത്.
സ്കൂട്ടർ, ബൈക്ക്, കാർ , മറ്റു വലിയ വാഹനങ്ങൾ ഉൾപ്പെടെ ഓരോ വാഹനത്തിനും കെഎസ്ആർടിസി നിശ്ചയിച്ച പ്രകാരമുള്ള മിതമായ നിരക്കിലുള്ള ഫീസ് മാത്രമാണ് ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷിക്കുന്നവരിൽ നിന്നും ഈടാക്കുന്നത്.
ജില്ലയിൽ കെഎസ്ആർടിസിയുടെ പന്തളം, കോന്നി എന്നീ ഡിപ്പോകളിൽ പുതുതായി മോട്ടോർ ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനും, പരിശീലനം നൽകുന്നതിനും ആവശ്യത്തിനുള്ള സ്ഥല സൗകര്യവും, മറ്റു അനുബന്ധ സൗകര്യങ്ങളും ഉണ്ട്. തിരക്ക് കുറവുള്ള ഡിപ്പോകളുമാണിത്. കോന്നിയിൽ പുതിയ ഡിപ്പോയുടെ ഉദ്ഘാടനം ഉടനെ നടത്താനാകും. അനുബന്ധമായി ഡ്രൈവിംഗ് സ്കൂളിനും അനുമതി നൽണമെന്നാണാവശ്യം.
കോയന്പത്തൂരിലേക്ക് കെഎസ്ആർടിസി പ്രീമിയം എസി സൂപ്പർഫാസ്റ്റ്
പത്തനംതിട്ട: കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിൽ നിന്ന് പത്തനംതിട്ട വഴി കോയന്പത്തൂരിലേക്ക് പ്രീമിയം എസ് സൂപ്പർ ഫാസ്റ്റ് സർവീസ് തുടങ്ങി.
രാത്രി 7.50ന് പത്തനാപുരത്തുനിന്ന് പുറപ്പെടുന്ന ബസ് പുലർച്ചെ 5.15ന് കോയന്പത്തൂരിലെത്തും. രാത്രി 8.30ന് ബസ് പത്തനംതിട്ടയിലെത്തും. റാന്നി - 9. 05, എരുമേലി - 9.30, കാഞ്ഞിരപ്പള്ളി - 9.50, ഈരാറ്റുപേട്ട - 10.15, പാല - 10.40, തൊടുപുഴ - 11. 25, മൂവാറ്റുപുഴ - 11.55, അങ്കമാലി - 12.40, തൃശൂർ - 2.40, പാലക്കാട് - 3.50 എന്നിങ്ങനെയാണ് സമയം.
തിരികെ ഉച്ചകഴിഞ്ഞ് 1.30ന് കോയന്പത്തൂരിൽ നിന്നു പുറപ്പെടുന്ന ബസ് പാലക്കാട്ട് 2.50ന് എത്തും.
അങ്കമാലി 4.45, മൂവാറ്റുപുഴ - 5.50, പാല - രാത്രി 7.05, ഈരാറ്റുപേട്ട - 7.25, കാഞ്ഞിരപ്പള്ളി - 7.50, എരുമേലി - 8.15, റാന്നി - 8.45, പത്തനംതിട്ട - 9.10, പത്തനാപുരം 9.50 എന്നിങ്ങനെയാണ് സമയക്രമം. തൃശൂർ ബൈപാസ് വഴിയാണ് ബസ് പോകുന്നത്.