നെൽകർഷകർക്ക് വീണ്ടും അവഗണന; 1608 കോടി രൂപ വകമാറ്റി
1532154
Wednesday, March 12, 2025 3:55 AM IST
പത്തനംതിട്ട: നെൽവയൽ നികത്തി കര ഭൂമിയാക്കുന്നതിന് ഈടാക്കിയ പണം കർഷക ക്ഷേമത്തിനു നൽകാതെ വകമാറ്റി സർക്കാർ. ഇത്തരത്തിൽ ലഭിക്കുന്ന പണം നിക്ഷേപിക്കാൻ കാർഷിക അഭിവൃദ്ധി ഫണ്ട് രൂപീകരിച്ചെങ്കിലും ഒരു രൂപയാണ് ഇതിലേക്ക് ഇതേവരെ ലഭിച്ചിട്ടുള്ളത്. നെൽ വയൽ നികത്തി കരഭൂമിയാക്കിയ വകയിൽ 1608 കോടി രൂപ സർക്കാർ ഈടാക്കിയിട്ടുമുണ്ട്. പണം മുഴുവൻ പൊതുഫണ്ടിലേക്ക് വകമാറ്റിയിരിക്കുകയാണ് സർക്കാർ.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 27 ഡി (2) പ്രകാരമാണ് കാർഷിക അഭിവൃദ്ധി ഫണ്ട് രൂപീകരിച്ചത്. ലാൻഡ് റവന്യൂ കമ്മീഷണർക്കാണ് ഇതിന്റെ ചുമതല. പൊതുഫണ്ടിലേക്ക് വകമാറ്റിയ തുകയിൽ നിന്ന് 53.95 കോടി രൂപ തണ്ണീർത്തട സംരക്ഷണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച വിവരവകാശ രേഖയിൽ പറയുന്നു.
ചെലവഴിച്ച തുകയിൽ ഏറെയും ശന്പളം, സ്റ്റേഷനറി, വാഹനവാടക ഈ ഇനത്തിലാണ്. കർഷകരുടെ ക്ഷേമത്തിനായി ഇതിൽ നിന്നും പണം ചെലവഴിച്ചതായും കാണുന്നില്ല.
നെൽകർഷകരുടെ ക്ഷേമത്തിനായി കണ്ടെത്തിയ പണം സർക്കാർ ദുരുപയോഗം ചെയ്തു കർഷകരെ കബളിപ്പിച്ചതായി കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി ആരോപിച്ചു.