ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളവിതരണം
1532155
Wednesday, March 12, 2025 3:55 AM IST
റാന്നി: ജലക്ഷാമം രൂക്ഷമായ മേഖലകളിൽ കുടിവെള്ള വിതരണത്തിന് പഞ്ചായത്തിന് അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.
പഞ്ചായത്തുകൾക്ക് ജലവിതരണം നടത്തുന്നതിന് ഫണ്ട് ചെലവഴിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമുണ്ട്. ഇതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ഇതുവഴി ജലക്ഷാമം രൂഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ടാങ്കറുകളിൽ പഞ്ചായത്തിന് കുടിവെള്ളം എത്തിച്ചു നൽകാനാകും.
മാർച്ചിൽ ആറുലക്ഷം രൂപയും ഏപ്രിൽ, മേയ് മാസങ്ങളിൽ 12 ലക്ഷം രൂപ വീതവുമാണ് കുടിവെള്ള വിതരണത്തിനായി പഞ്ചായത്തിന് ചെലവഴിക്കാനാകുന്നത്.
ഏതെങ്കിലും കുടിവെള്ള പദ്ധതികൾ നിലവിലുള്ള പ്രദേശങ്ങളിൽ ജലവിതരണം നടത്തേണ്ടതില്ലെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം പഞ്ചായത്ത് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.