വന്യജീവി സംഘർഷത്തിനു പരിഹാരം കാണാൻ പരിപാലനപദ്ധതി നടപ്പാക്കണമെന്നാവശ്യം
1532150
Wednesday, March 12, 2025 3:50 AM IST
വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തീറ്റയും വെള്ളവും തേടി
റാന്നി: പത്തനംതിട്ട ജില്ലയിലെ വന്യജീവി സംഘർഷത്തിനു പരിഹാരം കാണുന്നതിനായി ജനപങ്കാളിത്തത്തോടെ വനത്തിൽ പരിപാലന പദ്ധതി നടപ്പാക്കണമെന്ന് റാന്നി - അങ്ങാടി ഗ്രാമ പഞ്ചായത്തുതല ജാഗ്രതാ സമിതി യോഗം ആവശ്യപ്പെട്ടു.
ജില്ലയിൽ റാന്നി, കോന്നി എന്നിങ്ങനെ രണ്ട് ടെറിട്ടോറിയൽ വനം ഡിവിഷനുകളാണുള്ളത്. ടെറിട്ടോറിയൽ ഡിവിഷനുകൾക്ക് വന്യജീവി പരിപാലനത്തിനായി നാമമാത്രമായ തുക മാത്രമാണ് ലഭിക്കുന്നത്. എന്നാൽ റാന്നി ഡിവിഷൻ അതിർത്തി പങ്കിടുന്ന പെരിയാർ കടുവ സങ്കേതത്തിന് കോടി കണക്കിനു രൂപയാണ് ഇതിനായി ലഭിക്കുന്നത്.
ഈ തുക ഉപയോഗിച്ച് ഇവർ കൃത്രിമ ജലാശയങ്ങൾ, പുൽമേടുകൾ, ചതുപ്പുനിലങ്ങൾ എന്നിവ നിർമിച്ച് കാടിനുള്ളിൽ തന്നെ വന്യജീവികൾക്ക് തീറ്റയും വെള്ളവും ഒരുക്കുമ്പോൾ തൊട്ടുത്ത റാന്നി , കോന്നി ഡിവിഷനുകളിൽ ആവാസകേന്ദ്രം കണ്ടെത്തുന്ന ജീവികൾ തീറ്റയും വെള്ളവും കിട്ടാതെ കാടിറങ്ങുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിനു പരിഹാരമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികൾ.
എംഎൽഎമാർ, എംപി ഫണ്ടുകൾ സമാഹരിച്ചാൽ 10 കോടിയോളം രൂപ ഒരു വർഷം ശേഖരിക്കാൻ കഴിയും. ഈ തുക ഉപയോഗിച്ച് റാന്നി, കോന്നി ഡിവിഷണലുകൾ ചേർന്ന പത്തനംതിട്ട ജില്ലയിൽ ജനപങ്കാളിത്തത്തോടെയുള്ള വന്യജീവി സംരക്ഷണ, പരിപാലന പദ്ധതി നടപ്പാക്കണമെന്നും ജാഗ്രതാ സമിതി യോഗം ആവശ്യപ്പെട്ടു.
വന്യജീവികൾ നഷ്ടപ്പെടുത്തുന്ന കാർഷിക വിളകൾക്ക് നഷ്ടപരിഹാര തുക ഇരട്ടിയായി വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ വിഷയാവതരണം നടത്തി.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ. ജയൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈനി മാത്യൂസ്, എലനിയാമ്മ ഷാജി, ജലജ രാജേന്ദ്രൻ, ജെവിൻ കാവുങ്കൽ, പിആർഒ സുജിന സുധാ പിള്ള, കൃഷി ഓഫീസർ ജിനി ജേക്കബ്, ശ്രീഹരി, വില്ലേജ് ഓഫീസർ രഘു ബാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ, ബൈജു മാത്യു, എന്നിവർ പ്രസംഗിച്ചു.