കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം: നാടോടി സ്ത്രീകള്‍ അറസ്റ്റില്‍
1532137
Wednesday, March 12, 2025 3:39 AM IST
പന്തളം: കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം നടത്തിയ നാടോടി സ്ത്രീകളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മീനാക്ഷിപുരം തിരുപ്പൂര്‍ സ്വദേശികളായ പവി (36), നന്ദിനി (24) എന്നിവരെ യാത്രക്കാരും മറ്റും ചേര്‍ന്ന് തടഞ്ഞുവച്ചു പോലീസിനു കൈമാറുകയായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചിന് കൊട്ടാരക്കര ഭാഗത്തുനിന്നും പന്തളത്തേക്കുവന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂര്‍ സ്വദേശിനി അഞ്ജലിയാണ് (20)മോഷണശ്രമത്തിന് വിധേയയായത്. കൊട്ടാരക്കരയില്‍ നിന്നും ബസില്‍ കയറി പടനിലത്തുള്ള ബന്ധുവീട്ടിലേക്ക് പോകാന്‍ പന്തളം മുനിസിപ്പാലിറ്റിക്ക് സമീപം ഇറങ്ങുവാന്‍ തുടങ്ങുമ്പോഴായിരുന്നു ബാഗില്‍ നിന്നും പണം മോഷ്ടിക്കാന്‍ യുവതികള്‍ ശ്രമിച്ചത്.
പന്തളത്തിറങ്ങാന്‍ ബസിന്റെ വാതിലിനരികിലെത്തിയപ്പോള്‍, യുവതികളില്‍ ഒരാള്‍ തോളിന് മുകളിലൂടെ കൈയിട്ട് കമ്പിയില്‍ പിടിക്കുന്നത് പോലെ ചേര്‍ന്നുനിന്നു. പെട്ടെന്ന് തിരക്കുണ്ടാക്കിയപ്പോള്‍ സംശയം തോന്നിയ യുവതി കൈകൊണ്ട് ബാഗില്‍ പരാതി. ഈ സമയം മറ്റേ സ്ത്രീ ബാഗില്‍ നിന്നും കൈവലിക്കുന്നത് കണ്ടു.
ഞൊടിയിടയില്‍ ബസില്‍ നിന്നും വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ, യുവതി ബഹളം വയ്ക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച നാടോടി സ്ത്രീകളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇവരില്‍നിന്നും രണ്ട് ബാഗും 1000 രൂപയും പോലീസ് കണ്ടെടുത്തു.
ഇവര്‍ ആലുവ, കല്ലമ്പലം, ഏറ്റുമാനൂർ, പാമ്പാടി മാറാട്, ഇരവിപുരം തുടങ്ങിയ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.