വയോധികയുടെ വീട്ടില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍
1532139
Wednesday, March 12, 2025 3:39 AM IST
പത്തനംതിട്ട: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ മോഷണം നടത്തിയയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് കൈപ്പട്ടൂര്‍ താളാട്ടുശേരില് കെ. രാമചന്ദ്രനാണ് ( ശേഖരന്-56) പിടിയിലായത്.
വള്ളിക്കോട് കൈപ്പട്ടൂര്‍ പുത്തന്‍പുരക്കല്‍ ഗ്രേസി മാത്യു (75) വിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ പുറംപണിക്കു നിന്ന ഇയാള്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 10,250 രൂപയും വയോധികയുടെ തിരിച്ചറിയല്‍ കാര്‍ഡും മോഷ്ടിക്കുകയായിരുന്നു.
വയോധികയുടെ പരാതി പ്രകാരം പത്തനംതിട്ട എസ്ഐ എസ്. ഷിബു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അന്വേഷണം എസ്ഐ കെ. ആർ. രാജേഷ് കുമാര്‍
ഏറ്റെടുത്തു.
മോഷണം നടത്തിയെന്ന് സംശയിക്കുന്ന രാമചന്ദ്രനെ പന്തളം ഇടപ്പോണില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ദേഹപരിശോധനയില്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും വയോധികയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചു, പിന്നീട് പോക്കറ്റില്‍ സൂക്ഷിച്ച മുഴുവന്‍ പണവും കണ്ടെടുത്തു.