കോയിപ്രം ബ്ലോക്കിൽ യുഡിഎഫ് പിന്തുണയിൽ സിപിഎം വിമത പ്രസിഡന്റ്
1532132
Wednesday, March 12, 2025 3:39 AM IST
കോഴഞ്ചേരി: സ്വന്തം മുന്നണിയിലെ കൂറുമാറ്റത്തിലൂടെ മുന്‍പ് നഷ്ടമായ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം അതേ നാണയത്തിൽ മറുപടിയുമായി യുഡിഎഫ് തിരികെ പിടിച്ചു. പ്രസിഡന്റായി സിപിഎം വിമത ജെസി സൂസൻ ജോസഫും വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ എൽസാ തോമസും തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎം അയിരൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ജെസി സൂസൻ ജോസഫ് തടിയൂര്‍ -ഇടയ്ക്കാട് ഡിവിഷന് അംഗമാണ്. ബ്ലോക്ക് പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതിലൂടെ ജെസി സൂസൻ ജോസഫ് മറുപക്ഷത്തെത്തിയിരുന്നു. ഇന്നലെ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സിപിഎം വിപ്പ് ലംഘിച്ച് ജെസി യുഡിഎഫിനൊപ്പം നിന്നു.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എല്‍സാ തോമസ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയും കേരളാ വനിതാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും ഇരവിപേരൂര്‍ ഡിവിഷന് അംഗവുമാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് നിർദേശിച്ച ജെസി സൂസന് ജോസഫിന് ഏഴ് വോട്ടും എതിര്‍സ്ഥാനാഥി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം അംഗവുമായ കെ.കെ. വത്സലയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എല്‍സാ തോമസിനും ഏഴ് വോട്ടാണ് ലഭിച്ചത്. എതിര് സ്ഥാനാർഥി സിപിഎമ്മിലെ എൻ.എസ്. രാജീവിന് അഞ്ച് വോട്ടും ലഭിച്ചു.
ആകെയുള്ള 13 അംഗങ്ങളില്‍ 12 പേര് പങ്കെടുത്തു. പ്ലാങ്കമണ്‍ ഡിവിഷനില്‍ നിന്നും ഉണ്ണി പ്ലാച്ചേരിക്കെതിരേ കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയതോടെ യോഗത്തില്‍ പങ്കെടുക്കാനായില്ല. സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ജെസി സൂസന് സിപിഎം നൽകിയ വിപ്പ് നേരിട്ട് കൈപ്പറ്റാതിരുന്നതിനാല് ഇവരുടെ വീട്ടില്‍ പതിക്കുകയായിരുന്നു.
ഇതിന്റെ കോപ്പി വരണാധികാരിയായ ലേബര്‍ ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സിപിഎം പാര്‍ലമെന്ററി പാര്‍്ട്ടി ലീഡര്‍ വി. പ്രസാദ് പറഞ്ഞു. പാര്‍ട്ടി വിപ്പ് ലംഘിച്ചതിനേതുടര്ന്ന് ഇവരെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് സിപിഎം അംഗമായ അനീഷ് കുന്നപ്പുഴ പറഞ്ഞു.
നാലാമത്തെ ഭരണമാറ്റം
നിലവിലെ ഭരണസമിതി അധികാരമേറ്റശേഷം കോയിപ്രത്തെ നാലാമത്തെ പ്രസിഡന്റാണ് ഇന്നലെ ചുമതലയേറ്റത്. 2020ലെ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിനായിരുന്നു കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ ഭൂരിപക്ഷം. ഏഴ് അംഗങ്ങള്‍ യുഡിഎഫിനും ആറ് അംഗങ്ങള്‍ എല്‍ഡിഎഫിനുമായിരുന്നു.
കോണ്‍ഗ്രസിലെ ജിജി ജോണ്‍ മാത്യു പ്രസിഡന്റും ലാലു തോമസ് വൈസ് പ്രസിഡന്റുമായി. ഭരണത്തിലെ അസ്വാരസ്യം മുതലെടുത്ത് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുകയും കോണ്‍ഗ്രസിലെ ഉണ്ണി പ്ലാച്ചേരി എല്‍ഡിഎഫിലെത്തുകയും ചെയ്തു. ഉണ്ണിയുടെ പിൻബലത്തിൽ എൽഡിഎഫ് ഭരണത്തിലെത്തി.
എൽഡിഎഫിലെ ശോശാമ്മ ജോസഫ് പ്രസിഡന്റും ഉണ്ണി പ്ലാച്ചേരി വൈസ് പ്രസിഡന്റുമായി. ഒരു വർഷത്തിനുശേഷം ശോശാമ്മ ജോസഫ് സ്ഥാനമൊഴിഞ്ഞ് സിപിഎമ്മിലെ തന്നെ കെ.കെ. വത്സലയെ പ്രസിഡന്റാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 28ന് കെ.കെ. വത്സല കാലാവധി പൂര്‍ത്തീകരിച്ച് രാജിവയ്ക്കണമെന്നായിരുന്നു സിപിഎം ധാരണ. സിപിഎം ജില്ലാ കമ്മിറ്റിയും എല്‍ഡിഎഫും രാജി വയ്ക്കണമെന്ന നിര്‍ദ്ദേശം കെ.കെ. വത്സലയ്ക്ക് നൽകിയിരുന്നെങ്കിലും താന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചാല്‍ മെംബര്‍ സ്ഥാനം കൂടി രാജിവയ്ക്കുമെന്ന ഇവരുടെ ഭീഷണി സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി. സിപിഎമ്മിലെ അടുത്ത ഊഴം ജെസി സൂസൻ ജോസഫിന്റേതായിരുന്നു.
പ്രസിഡന്റു സ്ഥാനം ലഭിക്കാതെ വന്നതോടെ പാർട്ടിയുമായി ജെസിക്കുള്ള അകൽച്ച മുതലെടുത്താണ് യുഡിഎഫ് അവിശ്വാസംകൊണ്ടുവന്നത്. അത് വിജയിച്ചതിനു പിന്നാലെ ജെസിയെ അധ്യക്ഷ സ്ഥാനത്തെത്തിച്ച് അവസാനഘട്ടത്തിൽ ഭരണത്തിലെത്താൻ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ രണ്ടുമാസം മുന്‍പ് അവിശ്വാസപ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെട്ട അപ്രതീക്ഷിതമായ തിരിച്ചടിക്കു ശേഷം കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം കൂടി കൈവിട്ടുപോയത് സിപിഎമ്മിന് ഈ മേഖലയിൽ വൻ ആഘാതമാണ് ഉണ്ടാക്കിയത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച അംഗങ്ങൾ വിപ്പ് ലംഘിച്ച് മറുകണ്ടം ചാടുന്നതും നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിപ്പ് ലംഘിച്ചവരിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളും നേതാക്കളുമൊക്കെയുണ്ട്.