നെല്ലു സംഭരണത്തിൽ ആശയക്കുഴപ്പവും അവ്യക്തതയും: പുതുശേരി
1532133
Wednesday, March 12, 2025 3:39 AM IST
തിരുവല്ല: കൊയ്ത്തുകാലമായിട്ടും നെല്ലു സംഭരണത്തിൽ മുൻ വർഷങ്ങളേക്കാൾ ആശയക്കുഴപ്പവും അവ്യക്തതയും നിലനിൽക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.
കേരള കോൺഗ്രസ് പെരിങ്ങര മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 40ലേറെ മില്ലുകൾ സംഭരണത്തിന് വന്നിരുന്ന സ്ഥാനത്ത് ഈ വർഷം നാമമാത്രമായ മില്ലുകൾ മാത്രമാണുള്ളത്. ഇതു കാരണം സംഭരണം ഒച്ചിഴയും വേഗത്തിലായി.
മാത്രമല്ല ഗുണനില വാരത്തിന്റെ പേരു പറഞ്ഞ് നാലും അഞ്ചും കിലോയുടെ കിഴിവ് മില്ലുകൾ ആവശ്യപ്പെടുകയാണ്. ന്യായവില ലഭിക്കാത്ത കർഷകന് ഇത് കനത്ത പ്രഹരമാണ്.
കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി കേന്ദ്രം നെല്ലിന്റെ വില വർധിപ്പിക്കുമ്പോൾ ആ തുക സംസ്ഥാന വിഹിതത്തിൽ കുറവ് വരുത്തി സംസ്ഥാന സർക്കാർ നെൽകൃഷിക്കാരുടെ പോക്കറ്റ് അടിച്ചു കൊണ്ടിരിക്കുകയാണെന്നും പുതുശേരി ആരോപിച്ചു.
പാർട്ടി മണ്ഡലം പ്രസിഡന്റ് ജേക്കബ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ, ഉന്നതാധികാരസമിതി അംഗം സാം ഈപ്പൻ, രാജൻ വർഗീസ്, അജു ഉമ്മൻ, സൂസൻ വർഗീസ്, ആനി ഏബ്രഹാം, റേച്ചൽ തോമസ് എന്നിവർ പ്രസംഗിച്ചു.