അധ്യാപക-അനധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി
1516831
Sunday, February 23, 2025 3:18 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റില്‍നിന്നു വിരമിക്കുന്ന അധ്യാപക-അനധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം സ്നേഹാദരം-2025 അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപക അനധ്യാപകര്‍ സഭയുടെയും തങ്ങളുടെ സമയം സമൂഹത്തിന്റെയും പൊതുനന്മയ്ക്കും വളര്‍ച്ചക്കുംവേണ്ടി പ്രവര്‍ത്തിക്കണമെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി.
അധ്യാപകര്‍ നല്കുന്ന സേവനം സ്മരണീയമാണെന്ന് മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ആന്റണി മൂലയില്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് മൊമെന്റോ നല്കി ആദരിച്ചു.
മുന്‍ കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍, അസി. കോര്‍പറേറ്റ് മാനേജര്‍ ഫാ. ടോണി ചെത്തിപ്പുഴ, കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് ഈശോ തോമസ്, ഗില്‍ഡ് അതിരൂപത എക്സിക്യൂട്ടീവ് അംഗം പ്രകാശ് ജെ. തോമസ്, തോമസ്കുട്ടി മാത്യു, സിസ്റ്റര്‍ സ്റ്റാര്‍ലി എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.