കിലോമീറ്ററുകള്‍ താണ്ടി കാട്ടുപന്നി കുറ്റൂരിലും; കോതവിരുത്തി പാടത്ത് നെല്‍കൃഷി നശിപ്പിച്ചു
1516822
Sunday, February 23, 2025 3:18 AM IST
തിരുവല്ല: വനവുമായി യാതൊരു ബന്ധവുമില്ലാത്ത തിരുവല്ല മേഖയിലും കാട്ടുപന്നി വിളയാട്ടം. നേരത്തേതന്നെ അപ്പര്‍കുട്ടനാട് പ്രദേശങ്ങളിലടക്കം കാട്ടുപന്നിയുടെ സാന്നിധ്യം കണ്ടിരുന്നുവെങ്കിലും കുറ്റൂര്‍ കോതവിരുത്തി പാടത്തെ നെല്‍കൃഷി കഴിഞ്ഞദിവസം നശിപ്പിച്ചു. വനത്തില്‍നിന്നു കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പ്രദേശമാണ് കുറ്റൂര്‍.
എണ്‍പതേക്കറോളം വരുന്ന കുറ്റൂര്‍ കോതവിരുത്തി പാടശേഖരത്തില്‍ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം കതിര് വന്ന പാടശേഖരം കഴിഞ്ഞ ദിവസം രാത്രികുത്തി മറിച്ചു. വ്യത്യസ്ത ദിവസങ്ങളായി ഇവ പാടശേഖരം മുഴുവനായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കാട്ടുപന്നി കുറ്റൂര്‍ മേഖലയില്‍ തമ്പടിച്ചു തുടങ്ങിയതോടെ കര്‍ഷകര്‍ കരക്കൃഷികളില്നിന്നു പിന്തിരിഞ്ഞിരിക്കുകയാണ.് തെങ്ങ് ഉള്‍പ്പെടെയുള്ളവയ്ക്കു നേരേ പന്നിയുടെ ഭീഷണി ഉണ്ടാകുന്നുണ്ട്. നെല്‍കൃഷി ചെയ്ത പാടത്തേക്കും ഇവയുടെ കടന്നുകയറ്റം തുടങ്ങിയതോടെ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയാണ് കര്‍ഷകരുടേത്. അപ്പര്‍കുട്ടനാട് മേഖലയില്‍പ്പെട്ട പാടശേഖരമാണിത്. വിസ്തൃതമായ അപ്പര്‍കുട്ടനാട് പാടങ്ങളിലേക്കു വരുംദിവസങ്ങളിലും പന്നി ശല്യക്കാരായി എത്തിയാല്‍ നെല്‍കൃഷി മേഖലയെതന്നെ ഇതു ബാധിക്കും.
നഷ്ടം വീണ്ടെടുക്കാന്‍ കൃഷിയിറക്കിയവര്‍
രണ്ടാം കൃഷിക്ക് കോതവിരുത്തി പാടത്ത് വിത്ത് ഇറക്കിയ സമയത്താണ് ഇക്കുറി മഴയിലും തുടര്‍ന്നു വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരുന്നു ഇത്. അപ്രതീക്ഷിതമായി പെയ്ത മഴ നെല്‍ക്കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. കൃഷി ഉപേക്ഷിക്കാന്‍ മനസ് അനുവദിക്കാതിരുന്ന കര്‍ഷകര്‍ വീണ്ടും കൃഷി ഇറക്കിയപ്പോഴാണ് കാട്ടുപന്നികളുടെ ശല്യം നേരിടുന്നത്.
വേനല്‍മഴയ്ക്കു മുമ്പായി കൊയ്ത്ത് പൂര്‍ത്തിയാക്കേണ്ട പാടശേഖരങ്ങളാണിത്. കതിര് വന്ന നെല്ലാണ് നശിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട വിളവു ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു കര്‍ഷകരുടേത്. നിലവിലുള്ള നഷ്ടം നികത്താനാകുമെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പന്നി എല്ലാം നശിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കര്‍ഷകര്‍ പറഞ്ഞു.
കാട്ടുപന്നി പ്രയോഗംതന്നെ ശരിയല്ലെന്ന് കർഷകർ
കാടുമായി യാതൊരു ബന്ധവുമില്ലാത്ത അപ്പര്‍കുട്ടനാട് പ്രദേശങ്ങളില്‍ പന്നി ഇറങ്ങിയാല്‍ ഇവയെ നശിപ്പിക്കാന്‍ കാട്ടുപന്നിയുടെ സംരക്ഷിത നിയമം ബാധകമാക്കരുതെന്ന് കര്‍ഷകര്‍. കാടുവിട്ട് നാട്ടിലിറങ്ങിയ പന്നികളാണ് ഈ പ്രദേശങ്ങളില്‍ കൃഷി നശിപ്പിക്കുന്നത്. ഇവ കാടു കയറാറില്ല.
നാട്ടില്‍തന്നെ പെറ്റുപെരുകി വളര്‍ന്ന പന്നികളെ കാട്ടുപന്നിയുടെ സംരക്ഷിത നിയമപരിധിയില്‍ ഉള്പ്പെടുത്തുന്നതെങ്ങനെയന്ന ചോദ്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. കാടിറങ്ങി ശല്യക്കാരായി മാറിയ പന്നികളെ നശിപ്പിക്കാന്‍ കര്‍ഷകരെ അനുവദിക്കണം. ഇവ ക്ഷുദ്രജീവികളായി ജീവനും സ്വത്തിനും ഭീഷണിയാകുകയാണ്.
വെടിവച്ചു കൊല്ലണം: കേരള കോണ്‍ഗ്രസ് സംഘം
തിരുവല്ല: കാട്ടുപന്നി നാശംവിതച്ച കുറ്റൂര്‍ കോതവിരുത്തി പാടശേഖരം കേരള കോണ്‍ഗ്രസ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കാട്ടുപന്നികളെ വെടിവച്ചു കൊല്ലണമെന്നും കാട്ടുപന്നി സംരക്ഷണ നിയമം ക്ഷുദ്രജീവികളായ ഇവയ്ക്കു ബാധകമാക്കേണ്ടതില്ലെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മാമ്മന്‍ അഭിപ്രായപ്പെട്ടു.
നെല്‍കൃഷി നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് കര്‍ഷകര്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുന്നതിനായി നടപടികള്‍ ഉണ്ടാകണം. അപ്പര്‍ കൂട്ടനാട്ടില്‍ ആദ്യമായിട്ടാണ് കാട്ടുപന്നികള്‍ നെല്കൃഷിക്ക്ഇത്രയധികം നാശനഷ്ടം വരുത്തുന്നത്.
പാടശേഖര സമിതി പ്രസിഡന്റ് കെ.എസ്. ഏബ്രഹാം, സെക്രട്ടറി എന്‍.ടി. ഏബ്രഹാം, പഞ്ചായത്ത് മെംബര്‍ ജോ ഇലഞ്ഞിമൂട്ടില്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജേഷ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു മുളമൂട്ടില്‍, ജില്ലാ സെക്രട്ടറി ജോസ് തേക്കാട്ടില്‍,
യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ടിന്റു മുളമൂട്ടില്‍, കര്‍ഷകരായ എം.എം. കുര്യന്, ജോസഫ് ജേക്കബ്, എം. എം. മാത്യു, പി.ടി. തോമസ്, എം.എം. ഏബ്രഹാം, എം.എ. മത്തായി, ജോര്‍ജ് കുര്യന്, പുന്നൂസ് ചെറിയാന് എന്നിവരും കേരള കോണ്‍ഗ്രസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.