കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കർഷകർതന്നെ വേട്ടയാടണം
1516823
Sunday, February 23, 2025 3:18 AM IST
കർഷകർക്കുവേണ്ടി വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ്
വെച്ചൂച്ചിറ: സ്വന്തം കൃഷിയിടത്തിലോ പാട്ടത്തിനു കൃഷി നടത്തുന്ന ഇടങ്ങളിലോ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ സ്വന്തം നിലയിൽ വേട്ടയാടണമെന്നു വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ്. ഇടവിള കൃഷിക്കായി ഇഞ്ചി, മഞ്ഞൾ വിത്ത് വിതരണോദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പന്നിപ്പടക്കം, ഇലക്ട്രിക്കൽ ഷോക്ക്, വിഷം എന്നീ മൂന്നു മാർഗങ്ങൾ ഒഴികെ പന്നികളെ വേട്ടയാടുന്നതിനായി സ്വന്തമായി തോക്ക് ഇല്ലാത്ത കർഷകന് അറിയാവുന്ന മാർഗം സ്വീകരിച്ച് പന്നികളെ വേട്ടയാടാം. വേട്ടയാടിയാൽ പഞ്ചായത്തിനെ അറിയിക്കണമെന്നും വേട്ടയാടുന്ന കർഷകന് 1000 രൂപയും കുഴിച്ചിടുന്ന ആൾക്ക് 500 രൂപയും നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. മുൻകൂർ അനുമതി നല്കുന്നതിനായി വെള്ളപേപ്പറിൽ പഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ നല്കണമെന്നും അപേക്ഷ നല്കുന്നവർക്ക് ഉടൻതന്നെ വേട്ടയാടുന്നതിനുള്ള ഉത്തരവുകൾ നല്കുന്നതായിരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
തോക്ക് ലൈസൻസുള്ള എട്ടു പേർക്കു കർഷകരുടെ കൃഷിഭൂമിയിൽ പ്രവേശിച്ച കാട്ടുപന്നികളെ വെടി വെച്ചുകൊല്ലുന്നതിന് അനുമതി നല്കിയിട്ടുണ്ടെന്നു പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. ഗ്രാമപഞ്ചായത്തിൽ ആർക്കുംതന്നെ തോക്ക് സ്വന്തമായില്ല. അതിനാൽ പഞ്ചായത്തിനു വെളിയിൽ ഉള്ളവർക്കാണ് അനുമതി നല്കിയിട്ടുള്ളത്. ഇവരെ അറിയിച്ച് സ്ഥലത്ത് എത്തുന്പോഴേക്കും പന്നികൾ രക്ഷപ്പെടാറാണുള്ളത്. അതിനാൽ പന്നികളെ നിർമാർജനം ചെയ്യുന്നത് അത്ര ഫലപ്രദമാകുന്നില്ലെന്ന പരാതിയുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. മെംബർമാരായ ഇ.വി. വർക്കി, രമാദേവി, ജിനു മനയത്തുമാലി, എലിസബത്ത് തോമസ്, ജോയി ജോസഫ്, റസി ജോഷി, നഹാസ്, ടി.കെ. രാജൻ, പ്രസന്നകുമാരി, കൃഷി ഓഫീസർ നീമാ എന്നിവർ പ്രസംഗിച്ചു.