കൊടുമണ്‍ കരുവിലാക്കോട്ട് വെറ്റിലകൃഷി നശിപ്പിച്ച നിലയില്‍
1516824
Sunday, February 23, 2025 3:18 AM IST
കൊടുമണ്‍: കളനാശിനി ഉപയോഗിച്ച് വെറ്റിലകൃഷി നശിപ്പിച്ചതായി പരാതി. പമ്പ് ഉപയോഗിച്ച് ആരോ കളനാശിനി സ്പ്രേ ചെയ്തതാണെന്ന് സംശയിക്കുന്നു. ഇലകള്‍ കരിഞ്ഞ് ചെടിക്കു വാട്ടവും സംഭവിച്ചു. കൊടുമണ്‍ ഐക്കാട് കരുവിലാക്കോട് പൊടിപ്ലാവിള അനന്തു ഭവനില്‍ ബിജുവിന്റെ വെറ്റില കൃഷിയാണ് നശിപ്പിച്ചത്. ഐക്കാട് കരുവിലാക്കോട് വയലിലായിരുന്നു കൃഷി. 700 മൂടോളം വെറ്റില കൃഷിയാണ് നശിച്ചുതുടങ്ങിയത്.
നാലു ദിവസം മുമ്പാണ് കളനാശിനി പ്രയോഗം നടത്തിയതെന്ന് കരുതുന്നു. വ്യാഴാഴാഴ്ചയോടെ വെറ്റില വാടി പഴുത്ത് തുടങ്ങിയപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഏകദേശം 70,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാട്ടില്‍ വെറ്റില കൃഷി കുറവായതിനാല്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ നല്ല വിലയുണ്ട്. 80 വെറ്റിലയടങ്ങുന്ന ഒരു കെട്ടിന് 110 രൂപയായിരുന്നു കഴിഞ്ഞ ദിവസം വില.
ബിജുവിന്റെ ഉപജീവനമാര്‍ഗം കൂടിയാണ് കൃഷി. കരുവിലാക്കോട്ട് സ്വന്തമായുള്ള 15 സെന്റോളം വരുന്ന പാടത്ത് വാഴയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷി ചെയ്യുന്നുണ്ട്. വെറ്റില കൃഷിയോടാണ് കൂടുതല്‍ താത്പര്യം. കൊടുമണ്‍ പോലീസില്‍ പരാതി നല്കിയതിനേ തുടര്‍ന്ന് അവര്‍ സ്ഥലം പരിശോധിച്ചു.