മൂന്നു വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ
1516829
Sunday, February 23, 2025 3:18 AM IST
പത്തനംതിട്ട: ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 25നു രാവിലെ 10 മുതലാണ്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗാലക്സി നഗര്‍ വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണ വാര്‍ഡുകളാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, തെരഞ്ഞെടുപ്പ് തിയതിക്ക് ആറുമാസം മുമ്പ് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകളില്‍ ഏതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.
ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി
പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ കുമ്പഴ എംഡിഎല്‍പിഎസ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ തടിയൂര്‍ എന്‍എസ്എസ് എച്ച്എസ്,
പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗാലക്സി നഗര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ പുറമറ്റം സര്‍ക്കാര്‍ എല്‍പിഎസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ നാളെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
വോട്ടെടുപ്പു ദിവസമായ നാളെ വാര്‍ഷിക പരീക്ഷ നടക്കുന്ന ക്ലാസുകള്‍ക്ക് അവധി ബാധകമല്ല. പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ വോട്ടെടുപ്പു നടപടികള്‍ക്കു തടസംവരാത്ത വിധത്തില്‍ പരീക്ഷാ ഹാളുകള്‍ ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ ക്രമീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.