കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി പുതിയ ബ്ലോക്കിന് ശിലാസ്ഥാപനം നടത്തി
1516825
Sunday, February 23, 2025 3:18 AM IST
കുമ്പനാട്: മാര്‍ത്തോമ്മ മെഡിക്കല്‍ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുമ്പനാട് മാര്‍ ക്രിസോസ്റ്റം ഫെലോഷിപ്പ് മിഷന് ആശുപത്രിക്കായി 35 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്മാന് തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ സന്ദേശം നല്കി.
വികാരി ജനറാള്‍മാരായ റവ. മാത്യു ജോണ്‍, റവ. കെ.എം. മാമ്മന്‍, റവ. ജോര്‍ജ് മാത്യു, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മന്‍, അല്മായ ട്രസ്റ്റി ആന്‍സില്‍ സഖറിയ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ദാനിയേല്‍, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ റവ. തോമസ് ജോണ്‍, ട്രഷറര്‍ ജോര്‍ജ് വി. സഖറിയ എന്നിവര്‍ പ്രസംഗിച്ചു.
ആശുപത്രിയുടെ ആധുനികവത്കരണം ലക്ഷ്യമിട്ട് അഞ്ചുനിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയാണ് പുതിയ ബ്ലോക്ക് നിര്‍മിക്കുക. സാധാരണക്കാരായ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സഹോദരന് ഡോ. ജേക്കബ് ഉമ്മന്‍ 1946ല്‍ ആരംഭിച്ചതാണ് ആശുപത്രി.
16 ഡിപ്പാര്‍ട്ട്മെന്റുകളിലായി 21 കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരും 11 റെസിഡന്റ് മെഡിക്കല്‍ ഓഫിസര്‍മാരും അടങ്ങുന്നതാണ് ചികിത്സാ വിഭാഗം.