പത്തനംതിട്ട പീഡനക്കേസ്: അന്വേഷണ പുരോഗതി ഡിഐജി വിലയിരുത്തി
1495654
Thursday, January 16, 2025 3:51 AM IST
പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ ഇനിയുള്ള അറസ്റ്റുകള്‍ വേഗത്തിലാക്കി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അന്വേഷണസംഘത്തിനു നിര്‍ദേശം. 59 പേരാണ് കുറ്റാരോപിതരായുള്ളത്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ചാണ് ഇത്രയും പേരെ ഉള്‍പ്പെടുത്തിയത്. ഏഴുപേരെക്കൂടി ഇനി പിടികൂടിയാൽ മതിയാകും.
അന്വേഷണസംഘം മേധാവി ഡിഐജി അജിതാ ബീഗം കേസുമായി ബന്ധപ്പെട്ട് ഇന്നലെ സംഘാംഗങ്ങളുമായി ചര്‍ച്ച നടത്തി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാര്‍, ഡിവൈഎസ്പി എസ്. നന്ദകുമാര്‍, പത്തനംതിട്ട, ഇലവുംതിട്ട, റാന്നി, വനിതാ പോലീസ് എസ്എച്ച്ഒമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
ഇലവുംതിട്ടയിൽ മാത്രം17 കേസുകൾ
പെൺകുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി ഇലവുംതിട്ടയിൽ പുതുതായി ഇന്നലെ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. പുതുതായി രജിസ്റ്റർ ചെയ്ത കേസിൽ സുമിത് (25) അറസ്റ്റിലാകുകയും ചെയ്തു. ഇതോടെ ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 17 ആയി.
നേരത്തെ എടുത്ത മൂന്നു കേസുകളിൽ ഉൾപ്പെട്ട ഓരോരുത്തരെക്കൂടി ഇന്നലെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ആർ. രഞ്ജിത്ത് (23), അതുൽ ലാൽ (19), പി. പ്രവീൺ (20) എന്നിവരാണ് പിടിയിലായത്. ഇതോടെ ഇലവുംതിട്ടയിലെ കേസുകളിൽ 19 പേർ പിടിയിലായി. ഒരു പ്രതി പത്തനംതിട്ട പോലീസ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ജയിലിലാണ്. ഇലവുംതിട്ട പോലീസ് ഇനി അറസ്റ്റ് ചെയ്യാനുള്ളത് അഞ്ചുപേരെയാണ്.
മലയാലപ്പുഴ സ്റ്റേഷനിലെ കേസിൽ അഭിജിത്തി(26)നെ ഇന്നലെ ചെന്നൈയിൽനിന്ന് പിടികൂടി. ചെന്നൈ അണ്ണാ നഗറിൽനിന്നാണ് ഇയാളെ പോലീസ് സംഘം കുടുക്കിയത്. രണ്ടു ദിവസമായി ഇവിടെയും പരിസരങ്ങളിലുമായി രഹസ്യമായ നീക്കത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ഊർജിത അന്വേഷണമാണ് ഫലം കണ്ടത്.
കേസിൽ കുറ്റാരോപിതരായി വിദേശത്തുള്ള രണ്ടുപേരെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇവർക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇനി പിടിയിലാകാനുള്ളവരിൽ അഞ്ചുപേർ ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഉൾപ്പെട്ടവരാണ്.
തിരുവനന്തപുരം റൂറല്‍ പോലീസ് പരിധിയില്‍ കല്ലന്പലത്തും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കായംകുളം സ്വദേശിയായ ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാറില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
പത്തനംതിട്ട സ്റ്റേഷനിലെടുത്ത 11 കേസുകളിൽ രണ്ടെണ്ണത്തിലൊഴികെ എല്ലാ കേസിലെയും കുറ്റാരോപിതർ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. പത്തനംതിട്ടയില്‍ പിടികൂടാനുള്ളവരില്‍ ഒരാള്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും.
പ്രതികളിലധികവും യുവാക്കളും ചെറുപ്രായത്തിലുള്ളവരുമാണ്.
വിദ്യാര്‍ഥിനിക്കൊപ്പം പഠിച്ചവരും മുതിര്‍ന്ന ക്ലാസുകളില്‍ ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെ നിലവില്‍ കുറ്റാരോപിതരായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജുവൈനല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള നടപടികള്‍ക്കു വിധേയമാക്കുകയാണ്. രണ്ടു വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ വ്യത്യസ്തമായ സ്ഥലങ്ങളിലും സാഹചര്യത്തിലുമാണ് ഇവര്‍ പീഡിപ്പിച്ചതായി മൊഴി ലഭിച്ചിട്ടുള്ളത്.