തീർഥാടകരെ സുരക്ഷിതമായി മലയിറക്കിയ ആശ്വാസത്തിൽ പോലീസ്
1495667
Thursday, January 16, 2025 4:03 AM IST
ശബരിമല: മകരവിളക്കിനുശേഷം തീർഥാടകരെ സുരക്ഷിതമായി മലയിറക്കാനായതിന്റെ ആശ്വാസത്തിലാണ് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ. മകരവിളക്ക് ദർശനത്തിനുശേഷം രാത്രി എട്ടോടെയാണ് തീർഥാടകരുടെ മലയിറക്കം ആരംഭിച്ചത്.
പിന്നീടു പന്പയിലേക്കുള്ള ഒഴുക്കായിരുന്നു. ഇന്നലെ രാവിലെവരെ ഇത് തുടർന്നു. പന്പയിൽനിന്നുള്ള മലകയറ്റം നിയന്ത്രിച്ചാണ് മലയിറക്കത്തിനു ക്രമീകരണം ചെയ്തത്. മടക്കയാത്രയ്ക്കു സന്നിധാനത്തുനിന്നു പ്രത്യേക പാത നേരത്തെ നിശ്ചയിച്ചു നൽകിയിരുന്നു.
പന്പയിലെത്തിയ തീർഥാടകരുടെ തുടർ യാത്രയ്ക്കായി കെഎസ്ആർടിസി ബസുകൾ സജ്ജമായിരുന്നു. പന്പയിൽനിന്നു നിലയ്ക്കലിലേക്ക് ഇടമുറിയാതെ ബസുകൾ സർവീസ് നടത്തി. പന്പയിൽനിന്നും നിലയ്ക്കലിൽനിന്നും ദീർഘദൂര ബസുകളും ഓടിച്ചു. ഇന്നലെ രാവിലെവരെ ഇത് തുടർന്നു. 800ലധികം ബസുകളുമായാണ് കെഎസ്ആർടിസി മകരവിളക്കു ദിവസം സജ്ജമായത്. ചെങ്ങന്നൂരിലേക്കായിരുന്നു ഏറ്റവുമധികം സർവീസുകൾ.
മകരവിളക്കിനോടനുബന്ധിച്ച് 5,000 പോലീസുകാരെയാണ് ഇത്തവണ ശബരിമല തീർഥാടനത്തിനായി വിന്യസിച്ചത്. ഇതിൽ 1,800ഓളം പേരാണ് സന്നിധാനത്ത് സേവനമനുഷ്ഠിച്ചത്. പോലീസിനോടൊപ്പം പാരാമിലിട്ടറി സേനകളായ എൻഡിആർഎഫിന്റെ 48 പേർ, ആർപിഎഫിന്റെ 115 പേർ, ഫയർഫോഴ്സ്, റവന്യു വകുപ്പ്, ദേവസ്വം ബോർഡ് തുടങ്ങിയവരുടെ മികച്ച സഹകരണമാണ് കൃത്യമായി ക്രമീകരണങ്ങൾ നടപ്പിലാക്കാൻ സഹായിച്ചത്.
പ്രധാനപ്പെട്ട വിഷയങ്ങളിൽ ഹൈക്കോടതി നിർദേശങ്ങൾ നൽകിയതും അതു നടപ്പാക്കാൻ ദേവസ്വം ബോർഡിന്റെ സഹകരണം ലഭ്യമായെന്നും ശബരിമല സ്പെഷൽ ഓഫീസർ വി. അജിത് പറഞ്ഞു.
മകരവിളക്കിന് മുന്നോടിയായി കാര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ശബരിമല സന്ദർശിച്ചിരുന്നു. ഇത് സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി.
ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് സുരക്ഷാകാര്യങ്ങൾ വിലയിരുത്തുന്നതിനുള്ള സെക്യൂരിറ്റി ഓഡിറ്റിൽ നേരിട്ട് പങ്കെടുത്ത് നിർദേശങ്ങൾ നൽകി. ഡിഐജി അജിത ബീഗം, ഐജി ശ്യാംസുന്ദർ, എഡിജിപി ലോ ആൻഡ് ഓർഡർ മനോജ് ഏബ്രഹാം ഉൾപ്പടെയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥർ ശബരിമല പോലീസ് ക്രമീകരണ മുന്നൊരുക്കത്തിന് നൽകിയ നിർദേശങ്ങൾ മുതൽക്കൂട്ടായെന്നും സ്പെഷൽ ഓഫീസർ പറഞ്ഞു.
19 വരെ സ്പോട്ട് ബുക്കിംഗ്
ശബരിമല ദ൪ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പഭക്തർക്ക് ദർശനം അനുവദിക്കുന്ന 19 വരെ ഉണ്ടായിരിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗിന് സൗകര്യമുള്ളത്. വെ൪ച്വൽ ക്യു ബുക്കിംഗും 19 വരെ ഉണ്ടാകും.
നാളെ വരെയാണ് തിരുവാഭരണം അണിഞ്ഞുള്ള ദർശനം ലഭിക്കുക. 18 വരെയാണ് നെയ്യഭിഷേകം. ജനുവരി 19ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയശേഷം മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടയ്ക്കും.
വനത്തിനുള്ളിൽ സേനയുടെ റസ്ക്യു ഓപ്പറേഷൻ
ശബരിമല: കുന്നാർ ഡാം വനത്തിനുള്ളിലെ പോലിസ് ഡ്യൂട്ടി സ്ഥലത്തുനിന്നും ശാരീരികാസ്വാസ്ഥ്യമുള്ള വ്യക്തിയെ സുരക്ഷാസേന ആശുപത്രിയിലെത്തിച്ചു. പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ എട്ടു കിലോമീറ്റർ ഉള്ളിൽനിന്നാണ് പോലീസ് ഔട്ട് പോസ്റ്റിലെ പാചകക്കാരനായ ഹരിപ്പാട് സ്വദേശി ശശിയെ (62) സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്.
മകരവിളക്കു ദിവസം രാത്രി 12.45 ന് ശബരിമല എഡിഎം അരുൺ എസ്. നായരാണ് സന്നിധാനത്തെ എൻഡിആർഎഫ് ബറ്റാലിയനെ വിവരം അറിയിച്ചത്. തുടർന്ന് 1.15 ഓടെ 12 പേരടങ്ങുന്ന എൻഡിആർഎഫ്, ഫയർ ആൻഡ് റസ്ക്യുവിലെ എട്ടുപേർ, നാല് വനംവകുപ്പ് ഉദ്യോഗസ്ഥർ, സന്നിധാനത്തെ എമർജൻസി ഓപ്പറേഷൻ സെന്ററിലെ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘം കുന്നാർ ഡാം മേഖലയിലേക്ക് തിരിച്ചു.
വന്യമൃഗങ്ങളുള്ള വനത്തിലൂടെയുള്ള ദുഷ്കരമായ രാത്രിയാത്രയിൽ മഴയും ഇരുട്ടും കൂടുതൽ തടസമായി. പുലർച്ചെ 3.30ന് കുന്നാർ ഡാം പോലീസ് പോസ്റ്റിൽ എത്തിയ സംഘം രോഗിയെ സ്ട്രെക്ചറിൽ വനത്തിനുള്ളിൽനിന്നും പുറത്തെത്തിച്ചു. 6.15ന് ശശിയെ സന്നിധാനത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും അമിത രക്തസമ്മർദവും കാരണമാണ് ശശിക്ക് തളർച്ചയും അസ്വസ്ഥതയുമുണ്ടായതെന്ന് ഡോക്ടർ അറിയിച്ചു.
സന്നിധാനത്ത് കുടിവെള്ളം എത്തിക്കുന്ന പ്രധാന സ്രോതസാണ് പെരിയാർ ഉൾവനത്തിനുള്ളിലെ കുന്നാർ ചെക്ക് ഡാം. ശബരിമല സീസണിൽ സുരക്ഷയുടെ ഭാഗമായി കൂടുതൽ പോലീസുകാരെ ഡാം പ്രദേശത്ത് വിന്യസിക്കാറുണ്ട്.