സഹകരണ ജനാധിപത്യവേദി ധർണ നടത്തി
1495663
Thursday, January 16, 2025 3:52 AM IST
പത്തനംതിട്ട: അക്രമമാര്‍ഗത്തിലൂടെ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുകളില്‍ ഭരണം വെട്ടിപ്പിടിക്കുന്ന സിപിഎം നയം സംസ്ഥാനത്തെ സഹകരണ മേഖലയെ തകർച്ചയിലേക്ക് എത്തിച്ചതായി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്.
കാര്‍ഷിക കടാശ്വാസ പദ്ധതി നടപ്പിലാക്കുക, പ്രാഥമിക സഹകരണ ബാങ്കുകളുടെ ഷെയര്‍ കേരള ബാങ്ക് തിരിച്ചു നല്‍കുക, ഏകീകൃത ഡിജിറ്റല്‍ കംപ്യൂട്ടര്‍ സംവിധാനം പ്രാഥമിക സഹകരണ സംഘങ്ങളില്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സഹകരണ ജനാധിപത്യ വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനു മുന്പില് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക സഹകരണ ബാങ്കുകളുടെ നിലനില്പുപോലും ചോദ്യം ചെയ്യുന്ന വികൃതമായ സഹകരണ നയമാണ് ജില്ലാ ബാങ്കുകളുടെ നയത്തിലൂടെ കേരള ബാങ്ക് രൂപീകരണത്തില്‍ ഇടതുഗവണ്മെന്റ് നടപ്പാക്കിയതെന്ന് പി.ജെ. കുര്യൻ കുറ്റപ്പെടുത്തി. സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്മാന് കെ. ജയവര്‍മ അധ്യക്ഷത വഹിച്ചു.