കണ്ണശ സാഹിത്യ പുരസ്കാരം കവി പി.കെ. ഗോപിക്ക്
1495668
Thursday, January 16, 2025 4:03 AM IST
പത്തനംതിട്ട: എഴുത്തുകൂട്ടം സാംസ്കാരികവേദിയുടെ രണ്ടാമത് കണ്ണശ സാഹിത്യ പുരസ്കാരം കവിയും ചലച്ചിത്രഗാനരചയിതാവുമായ പി.കെ. ഗോപിക്ക്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാള കവിതയ്ക്കും ചലച്ചിത്രഗാന മേഖലയ്ക്കും നൽകിയ സമഗ്ര സംഭാവന വിലയിരുത്തിയാണ് പുരസ്കാരം. പത്തനംതിട്ട ജില്ലയിലെ കൊടുമൺ അങ്ങാടിക്കൽ സ്വദേശിയാണ് പി.കെ. ഗോപി. ഇപ്പോൾ കോഴിക്കോട് സ്ഥിരതാമസം.
18നു രാവിലെ പത്തിന് പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന യോഗത്തിൽ കേരള ഫോക്ലോർ അക്കാദമി ചെയർമാനും ചലച്ചിത്രഗാന രചയിതാവുമായ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.
എംഒസി കോളജുകളുടെ മാനേജരും ഓർത്തഡോക്സ് സഭ അടൂർ ഭദ്രാസനാധിപനുമായ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി അധ്യക്ഷത വഹിക്കും.