ജില്ലാ ക്ഷീരസംഗമം ഇന്നുമുതൽ
1495656
Thursday, January 16, 2025 3:51 AM IST
പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ക്ഷീരസംഗമം "നിറവ് ' ഇന്നു മുതൽ 18വരെ കുളനട കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കുളനട കോട്ട ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിലാണ് സംഗമം. ഇന്നു രാവില10 ന് പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കിഡ്സ് ഡെയറി ഫെസ്റ്റ് നടക്കും.
നാളെ രാവിലെ 7.30 ന് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട കന്നുകുട്ടി, കിടാരി, കറവപ്പശു എന്നിവയുടെ പ്രദർശന മത്സരങ്ങൾ ഉണ്ടായിരിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് ഉദ്ഘാടനം ചെയ്യും. ശ്രീദേവി ഓഡിറ്റോറിയത്തിൽ ക്ഷീരസംഘം ജീവനക്കാർക്കുള്ള ശില്പശാല, ക്വിസ് മത്സരം എന്നിവ രാവിലെ 10.30ന് ആരംഭിക്കും.
18 നു രാവിലെ 9.30ന് ക്ഷീരകർഷ സെമിനാറിൽ ഡോ. ആർ. അവിനാഷ് കുമാർ, ആനന്ദ് കുമാർ എന്നിവർ വിഷയം അവതരിപ്പിക്കും.
11 ന് നടക്കുന്ന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ക്ഷീരമേഖലയ്ക്ക് കൂടുതൽ തുക വകയിരുത്തിയ തദ്ദേശ സ്ഥാപനങ്ങൾ, ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീരസംഘം, പാൽ ഗുണനിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘം, മികച്ച ക്ഷീരകർഷകർ,
മികച്ച ക്ഷീരസംഘം, സെക്രട്ടറി, ഓരോ ബ്ലോക്കിലും ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകർ, മികച്ച യുവകർഷകർ എന്നിവരെ ആദരിക്കും.
ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ തുടങ്ങിയവർ ആദരിക്കൽ ചടങ്ങുകൾ നിർവഹിക്കും.
ജനറൽ കൺവീനർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഒ.ബി. മഞ്ജു, കോട്ട ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് പി.വി. ബീന, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റീബ തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം. മധു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.