പേ ബാധിച്ച വളർത്തുനായ രണ്ടു പേരെ കടിച്ചു
1495665
Thursday, January 16, 2025 4:03 AM IST
എരുമേലി: പേവിഷ ബാധയേറ്റ വളർത്തുനായ വീട്ടുകാരിൽ രണ്ടു പേരെയും സമീപത്തെ രണ്ട് വളർത്തുനായകളെയും കടിച്ച ശേഷം ചത്ത നിലയിൽ. എരുമേലി പഞ്ചായത്തിലെ പാക്കാനം വാർഡിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പുത്തൻപുരയ്ക്കൽ ഷിബുവിന്റെ വളർത്തുനായ വീട്ടുകാരെ ആക്രമിച്ചത്.
കടിയേറ്റവരെ ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ് നൽകിയ ആരോഗ്യ വകുപ്പ് സംഘം ഇന്നലെ വാർഡിൽ പേവിഷ പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജനങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി.
ഇന്നലെ രാവിലെ ഒമ്പത് മുതൽ വാർഡിലെ വീടുകളിൽ എത്തി മുഴുവൻ വളർത്തുനായകൾക്കും തെരുവുനായകൾക്കും മൃഗ സംരക്ഷണ വകുപ്പ് സംഘം ഡോ. സുബിന്റെ നേതൃത്വത്തിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി.
നായയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തതിന്റെ റിസൾട്ട് ഇന്നലെ ലഭിച്ചു. നായയ്ക്ക് പേവിഷബാധ ഉണ്ടെന്നാണ് റിസൾട്ട്. നിലവിൽ ആശങ്കാജനകമായ സാഹചര്യം ഇല്ലന്ന് ഡോ. സുബിൻ പറഞ്ഞു.
വാർഡംഗം ഷിനിമോൾ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.