തിരുവല്ലയിൽ സഭൈക്യ പ്രാർഥനാവാരം 18 മുതൽ
1495659
Thursday, January 16, 2025 3:51 AM IST
തിരുവല്ല: തിരുവല്ലയിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന സഭൈക്യവാര പ്രാർഥന 18 മുതൽ 25വരെ വിവിധ ദേവാലയങ്ങളിലായി നടക്കും.
വൈകുന്നേരം അഞ്ചിന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത സഭൈക്യവാര പ്രാർഥനാവാരം ഉദ്ഘാടനം ചെയ്യും. മാർത്തോമ്മ സഭ സീനിയർ വികാരി ജനറാൾ റവ. മാത്യു ജോൺ വചനസന്ദേശം നൽകും.
19ന് വൈകുന്നേരം അഞ്ചിന് കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ സിഎസ്ഐ മധ്യകേരള ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാനും 20ന് തുകലശരി സിഎസ്ഐ പള്ളിയിൽ നെടുമ്പ്രം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഡോ. ഷാജൻ വർഗീസും 21ന് തിരുവല്ല സെന്റ് ജോർജ് സിംഹാസന പള്ളിയിൽ മുണ്ടിയപ്പള്ളി സിഎസ്ഐ പള്ളി വികാരി റവ. ജോൺസൺ അലക്സാണ്ടറും വചനസന്ദേശം നൽകും.
22ന് മുത്തൂർ സെന്റ് ആന്റണീസ് പള്ളിയിൽ തിരുവല്ല സെന്റ് ജോർജ് സിംഹാസന പള്ളി വികാരി ഫാ. ജെറി കുര്യനും 23ന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ തിരുവല്ല അതിരൂപത മുഖ്യ വികാരി ജനറാൾ ഡോ. ഐസക് പറപ്പള്ളിലും 24ന് തിരുമൂലപുരം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളി ഇടവക വികാരി ഫാ.മാത്യു കെ. ജാക്സണും വചനസന്ദേശം നൽകും .
25ന് വൈകുന്നേരം തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്റ്റ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. തിരുവല്ല ക്ലെർജി ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. മാത്യു പുനക്കളം, സെക്രട്ടറി ഫാ. കോശി ഫിലിപ്പ്, ട്രഷറർ ഫാ. മാത്യു വർഗീസ് തുടങ്ങിയവർ സഭൈക്യവാര പ്രാർഥനയ്ക്ക് നേതൃത്വം നൽകും.