ലൈംഗികാതിക്രമങ്ങൾ : മാതൃകാപരമായ ശിക്ഷാനടപടി വേണം: ഡിഎച്ച്ആർഎം
1495655
Thursday, January 16, 2025 3:51 AM IST
പത്തനംതിട്ട: ലൈംഗികാതിക്രമത്തിന്റെ വിളനിലമായി കേരളം മാറിയെന്നും ഇതു തടയാൻ മാതൃകാപരമായ ശിക്ഷകൾ നടപ്പാക്കണമെന്നും ഡിഎച്ച്ആർഎം സംസ്ഥാന ചെയർപേഴ്സൺ സെലീന പ്രക്കാനം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പത്തനംതിട്ടയിൽ അറുപതോളം പേരുടെ ലൈംഗിക ക്രൂരകൃത്യത്തിനാണ് ഒരു ദളിത് പെൺകുട്ടി ഇരയായത്. നൂറു ശതമാനം സാക്ഷരത കൈവരിച്ചു എന്ന് അവകാശപ്പെടുന്ന നാട്ടിലാണ് ഇതു നടന്നിരിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് അവർ നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഭയമില്ലാതെ നിസംശയം സ്വതന്ത്രമായി തുറന്നു പറയാൻ ഒരിടം നിലവിലില്ലാത്ത അവസ്ഥയാണ്.
മേലിൽ ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനായി സുരക്ഷിത ഇടങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതായിട്ടുണ്ടെന്നും സെലീന അഭിപ്രായപ്പെട്ടു. സ്കൂൾ തലങ്ങൾ കേന്ദ്രീകരിച്ച് ക്ലാസിലെ എല്ലാ കുട്ടികളെയും കൗൺസലിംഗിന് വിധേയമാക്കണം. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ശരിയും തെറ്റും തിരിച്ചറിയുന്നതിനുള്ള ക്ലാസുകളും നൽകണം. എല്ലാ വാർഡുകളിലും മേഖലകൾ കേന്ദ്രീകരിച്ച് കൗൺസലിംഗ് സെന്ററുകൾ പ്രവർത്തിപ്പിക്കണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലെ മാതാപിതാക്കൾ തൊഴിൽ തേടിപ്പോകുമ്പോൾ അവരുടെ പെൺകുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കുന്നതിന് കേന്ദ്രങ്ങൾ ഉണ്ടാകണം. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസുകൾ നിർബന്ധമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പത്തനംതിട്ടയിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയ ചൈൽഡ് വെൽഫെയറും കുറ്റവാളികളെ വേഗം കണ്ടെത്തി അറസ്റ്റ് ചെയ്ത പോലീസ് വകുപ്പും അഭിനന്ദനം അർഹിക്കുന്നതായും അവർപറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിജയകുമാർ വെളിച്ചിക്കാല, സുരേഷ് ചവറ, ഹാരീസ് അടൂർ, ജില്ലാ കോ-ഓർഡിനേറ്റർ രാജി ചന്ദ്രശേഖരൻ, മണികണ്ഠൻ കന്നിമല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പത്തനംതിട്ട: ദളിത് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയരാക്കിയ മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് സാംബവമഹാസഭ സംസ്ഥാന പ്രസിഡന്റ് സോമൻ പാന്പായിക്കോട് ആവശ്യപ്പെട്ടു.
പെൺകുട്ടിയെ സൗഹൃദം നടിച്ചു പീഡിപ്പിച്ചശേഷം നഗ്നചിത്രങ്ങളും വീഡിയോഎടുത്ത് ഭീഷണിപ്പെടുത്തി നിരന്തരം നടത്തിയ പീഡനങ്ങൾ സാംസ്കാരിക കേരളത്തിനുതന്നെ അപമാനമായി മാറിയെന്നും കുറ്റാരോപിതർക്ക് പരമാവധി ശിക്ഷ നൽകണമെന്നും സോമൻ അഭിപ്രായപ്പെട്ടു.