പുറമ്പോക്ക് കൈയേറി വഴിയടച്ചെന്ന് പരാതി : രണ്ടുദിവസത്തിനകം നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
1492440
Saturday, January 4, 2025 6:37 AM IST
കൊല്ലം: പുറമ്പോക്ക് ഭൂമി കൈയേറി അയല്‍വാസി വഴിയടച്ചെന്ന പരാതിയില്‍ രണ്ട് ദിവസത്തിനകം നോട്ടീസ് നല്കി തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിര്‍ദേശം. പെരുവേലിക്കര കോയിക്കല്‍ ഭാഗം കൊട്ടാരത്തില്‍ വടക്കതില്‍ ഒ. സുരേഷാണ് ഇതുസംബന്ധിച്ച പരാതിയുമായി 'കരുതലും കൈത്താങ്ങും' കുന്നത്തൂര്‍ താലൂക്ക് അദാലത്തിനെത്തിയത്.
അഞ്ച് കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന വഴി സമീപവാസി കൈയേറി മതില് കെട്ടിയതോടെ അഞ്ച് വര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ റീസര്‍വേയില്‍ പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തി കൈയേറിയ കുടുംബത്തിന് നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ മതില് പൊളിച്ചുമാറ്റിയിട്ടില്ല.
ഇതുകാരണം ഭാര്യയും രണ്ട് മക്കളും ഭിന്നശേഷിക്കാരായ അമ്മയും അമ്മാവനും അടങ്ങിയ കുടുംബം ആശുപത്രിയിലും മറ്റും പോകാന്‍ പ്രയാസപ്പെടുകയാണെന്നും അടിയന്തര പരിഹാരം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
മൈനാഗപ്പള്ളി വില്ലേജിലെ കോവൂര്‍ തോപ്പില്‍ മുക്കിന് സമീപത്തെ സര്‍ക്കാര്‍ ഭൂമി ചിലര്‍ കൈവശപ്പെടുത്തി വഴിയടച്ചതായുള്ള പരാതിയിലും മന്ത്രി നടപടിക്ക് നിര്‍ദേശിച്ചു. കാന്‍സര്‍ രോഗിയായ അരിനല്ലൂര്‍ ആലപ്പുറം എം.ജി. ഓമനക്കുട്ടനാണ് പരാതിയുമായെത്തിയത്.
കനാലിന് വടക്കുഭാഗത്ത് നാല് മീറ്ററോളം സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന് ഡിജിറ്റല്‍ സര്‍വേയില്‍ വ്യക്തമായെന്നും ചിലര്‍ വേലി സ്ഥാപിച്ചും മറ്റും വഴി കൈയേറിയെന്നും ഇതുവഴി ഓട്ടോക്ക് പോലും പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ആശുപത്രികളിലും മറ്റും പോകാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു.