പിണറായി ഭരണം മാഫിയകളെ വളർത്തുന്നു: ഷിബു ബേബിജോൺ
1492451
Saturday, January 4, 2025 6:43 AM IST
കൊല്ലം:പിണറായി സർക്കാർ പൂർണമായ മാഫിയ ഭരണമായി മാറിയെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.ആർഎസ്പിയുടെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും എതിരെ നടന്ന ബഹുജന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേതൃത്വത്തിലുള്ള തുടർച്ചയായ ഭരണം കൊല്ലം കോർപ്പറേഷന്റെ തകർച്ചയ്ക്ക് വഴിയൊരുക്കി. വികലമായ നിർമാണ പ്രവർത്തനങ്ങളുടെ ഫലമായി കൊല്ലം പട്ടണത്തിന്റെ മുഖച്ഛായയും സൗന്ദര്യവും തകർത്തു. പട്ടണത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ കോർപ്പറേഷന് സാധിച്ചിട്ടില്ല. അനുവദിച്ച കേന്ദ്ര പദ്ധതികളോട് നിഷേധാത്മകമായ നിലപാടാണ് കൊല്ലം കോർപ്പറേഷൻ സ്വീകരിച്ചിട്ടുള്ളതെന്ന് എൻ.കെ. അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എൻ. നൗഷാദ്, മുൻ എംഎൽഎ എ.എ. അസീസ്, ടി.സി.വിജയൻ, ഇടവനശേരി സുരേന്ദ്രൻ, എ.എം.സാലി, ജി.രാജേന്ദ്രപ്രസാദ്, ഉല്ലാസ് കോവൂർ, എ. മുംതാസ് എന്നിവർ പ്രസംഗിച്ചു.
കൊല്ലം റസ്റ്റ് ഹൗസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനത്തിന് ജസ്റ്റിൻ ജോൺ, ആർ. സുനിൽ, സജി ഡി ആനന്ദ്, പാങ്ങോട് സുരേഷ്, കുരീപ്പുഴ മോഹനൻ, എം.എസ്. ഗോപകുമാർ, എം.എസ്. ഷൗക്കത്ത്, സി. ഉണ്ണികൃഷ്ണൻ, ജി. വേണുഗോപാൽ, സി.പി.സുധീഷ് കുമാർ, കൈപ്പുഴ റാം മോഹൻ, ആർ.അജിത് കുമാർ, ടി.കെ.സുൽഫി, ജയലക്ഷ്മി, കെ. രാജി, വിഷ്ണു മോഹൻ, സുഭാഷ് കല്ലട തുടങ്ങിയവർ നേതൃത്വം നൽകി.