കടമാൻ പാറയിൽ കാട്ടാന ശല്യം രൂക്ഷം; ജനം വലയുന്നു
1492447
Saturday, January 4, 2025 6:43 AM IST
ആര്യങ്കാവ്: കടമാൻപാറ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ നാട്ടുകാർ വലയുന്നു. കാട്ടാനയിറങ്ങി വൻതോതിൽ കൃഷികൾ നശിപ്പിക്കുകയാണ്. കാട്ടാനകൾ ജനജീവിതത്തിനും ഭീഷണിയാകുന്നുണ്ട്. പന്നിശല്യവും വാനര ശല്യവും പ്രദേശത്ത് രൂക്ഷമായതോടെ കൃഷി നശിപ്പിക്കുകയാണ്. ഇതിനിടയിലാണ് കാട്ടാന ശല്യം ഭീഷണി ഉയർത്തുന്നത്.
കായ്ഫലമുളള തെങ്ങുകളും കമുകുകളുമെല്ലാം കാട്ടാനകൾ നശിപ്പിക്കുന്നു. വന്യമൃഗങ്ങളുടെ ശല്യം വർധിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. കൃഷിചെയ്തു ജീവിച്ചിരുന്നവർ ഇനി എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ്. അതേ സമയം കാട്ടുമൃഗ ശല്യം ഇല്ലാതാക്കുന്ന കാര്യത്തിൽ അധികാരികൾ മൗനത്തിലാണ്.
കാട്ടുമൃഗശല്യത്തിനെതിരേ കിഴക്കൻ മേഖലാ നിവാസികൾ പരാതിപ്പെടുന്നുണ്ട്. ആര്യങ്കാവ് പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയുണ്ടായി. ഒരു ഭാഗത്ത് വാനര ശല്യവും മറുഭാഗത്ത് കാട്ടാന ശല്യവുംമൂലം ജനം പൊറുതിമുട്ടുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.