ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു
1492437
Saturday, January 4, 2025 6:37 AM IST
പുനലൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു. കൊല്ലം -ചെങ്കോട്ട റെയിൽപാതയിൽ ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്താണ് ഗുരുവായൂർ - മധുര എക്സ്പ്രസിന്റെ ബോഗികൾ വേർപെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. അരമണിക്കൂറിനുള്ളിൽ ബോഗികൾ വീണ്ടും യോജിപ്പിച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. ട്രെയിനിന്റെ മധ്യഭാഗത്തെ കോച്ചുകളാണ് വേർപെട്ടുപോയത്.
ഈ സമയത്ത് ബോഗികളിൽ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു. പാതയുടെ ഈ ഭാഗത്ത് ട്രെയിനിന്റെ വേഗത കുറവായതിനാലും ട്രെയിനിൽ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം ആയതിനാലും വലിയ അപകടം ഒഴിവായി. സംഭവത്തെപ്പറ്റി റെയിൽവേ അന്വേഷണം ആരംഭിച്ചു.