കൊല്ലം- ചെങ്കോട്ട പാതയിൽ കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ
1492441
Saturday, January 4, 2025 6:37 AM IST
കൊല്ലം: ചെങ്കോട്ട പാതയിൽ വൈദ്യുതീകരണം പൂർത്തീകരിച്ചതിനാൽ പാതയിൽ കൂടി കൂടുതൽ ട്രെയിനുകൾ റെയിൽവേയോട് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി.
കൊല്ലത്തു നിന്ന് തിരിച്ചെന്തൂർ വരെ മെമു സർവീസും കോട്ടയത്തു
നിന്നോ കൊല്ലത്തു നിന്നോ ആരംഭിച്ച് പുനലൂർ ചെങ്കോട്ട വഴി കോയമ്പത്തൂരിലേക്കോ സേലം വരെയോ ആണ് പുതിയതായി എക്സ്പ്രസ് ട്രെയിൻ ആവശ്യപ്പെട്ടത്.
ആലപ്പുഴയിൽ അവസാനിക്കുന്ന ധൻബാദ് എക്സ്പ്രസ്, എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന അജ്മീർ എക്സ്പ്രസ്, കോട്ടയത്ത് സർവീസ് അവസാനിപ്പിക്കുന്ന നിലമ്പൂർ പാസഞ്ചർ എന്നിവ കൊല്ലത്തേക്ക് നീട്ടാനും ശിവഗിരി തീർഥാടനവുമായി ബന്ധപ്പെട്ട് അനുവദിച്ച എറണാകുളം തിരുവനന്തപുരം നോർത്ത് മെമു മൂന്നുമാസത്തേക്ക് കൂടി നീട്ടാനും ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
ആവശ്യങ്ങളെ സംബന്ധിച്ച് തിരുവനന്തപുരം മധുര ഡിവിഷനൽ റെയിൽവേ മാനേജർമാരുമായി ചർച്ച നടത്തിയതായും സതേൺ റെയിൽവേ ജനറൽ മാനേജരുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നതായും ഈ ആവശ്യങ്ങൾ റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരോട് നേരത്തെ ഉന്നയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.