കോട്ടാത്തല പണയിൽ പാറയിൽമുക്ക് റോഡ് നവീകരണം ഉടൻ തുടങ്ങും
1492455
Saturday, January 4, 2025 6:43 AM IST
കൊട്ടാരക്കര: തടസങ്ങളെല്ലാം നീങ്ങിയതോടെ കോട്ടാത്തല പണയിൽ- പാറയിൽമുക്ക് റോഡ് നവീകരണ ജോലികൾ തുടങ്ങാൻ വഴിയൊരുങ്ങി.
മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 2.97 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം തുടങ്ങുന്നത്. തദ്ദേശഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചത്. അത്യാധുനിക രീതിയിൽ റോഡ് നവീകരിക്കാനാണ് പദ്ധതി. ടാറിംഗിന് പുറമെ റോഡിന്റെ ഇരുവശത്തും ഐറിഷ് ഡ്രെയിൻ, ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി നിർമാണം, റോഡ് മാർക്കിംഗ്, ദിശാസൂചക ബോർഡുകൾ എന്നിവയാണ് പദ്ധതിയിലുള്ളത്.
ടെൻഡർ നടപടികൾ പൂർത്തിയാക്കി. നെടുവത്തൂർ പഞ്ചായത്തിലെ പ്രധാന പാതകളിലൊന്നാണ് പണയിൽ- പാറയിൽമുക്ക് റോഡ്. ഏറെക്കാലമായി റോഡ് തകർച്ചയിലാണ്. പണയിൽ- പാറയിൽമുക്ക് റോഡിന്റെ നവീകരണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം മരുതൂർ ജംഗ്ഷന് സമീപം വാഴവിള വീട്ടിൽ ചേർന്നു.