പരവൂർ കളരി ജംഗ്ഷനിൽ വീടുകളിൽ മോഷണശ്രമം
1492448
Saturday, January 4, 2025 6:43 AM IST
പരവൂർ: കളരി ജംഗ്ഷനിൽ നിരവധി വീടുകളിൽ മോഷണശ്രമം. പരവൂർ കളരി ജംഗ്ഷന് സമീപം ആശാന്റഴികത്ത് പി.എം. ഭവനിൽ പി. മനോജിന്റെ വീട്ടിലെ പുറകുവശത്തെ ജനൽപാളി തകർത്ത് അതിനുള്ളിലെ ഗ്ലാസും തകർത്ത് മോഷ്ടാക്കൾ അകത്തു കയറി.
മനോജ് വീട്ടിലില്ലാത്ത രാത്രിയിലാണ് മോഷണ ശ്രമം നടന്നത്. ഇത് സംബന്ധിച്ച് മനോജ് പരവൂർ പോലീസിൽ പരാതി നൽകി. അടുത്ത കാലത്ത് സമീപത്തെ ഒരു വീട്ടിലും മോഷണം നടന്നു. കളരി ജംഗ്ഷനു മുന്നിലുള്ള ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടിൽ നിന്ന് രണ്ട് പവൻ മോഷ്ടാക്കൾ കവർന്നു.
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ കാറ്റും മഴയും കാരണം അയൽവീട്ടിൽ താമസത്തിനു പോയി. ആ ദിവസം ആളില്ലാത്ത വീട്ടിൽ നിന്ന് മോഷ്ടാക്കൾ രണ്ടു പവന്റെ മാല മോഷ്ടിച്ചു.
പ്രദേശവാസികളായ മോഷ്ടാക്കൾ തന്നെയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.
മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും പ്രദേശത്ത് അഴിഞ്ഞാടുകയാണ്. ഒരു മോഷണത്തിലെ പ്രതിയെപോലും ഇതേവരെ പിടികൂടാനായിട്ടില്ല. മോഷ്ടാക്കളെ പിടികൂടാത്തതിനാൽ നാട്ടുകാരിൽ ഭീതി പടരുകയാണ്.