മഞ്ജുവിന്റെ കാൻസർ ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു
1492450
Saturday, January 4, 2025 6:43 AM IST
കുണ്ടറ: കാൻസർ ബാധിച്ച് 12 വർഷമായി ചികിത്സയിൽ കഴിയുന്ന കുണ്ടറ പഞ്ചായത്ത് മുളവന കഠിനാപൊയ്ക വീട്ടിൽ മഞ്ജുവിന്റെ ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു. ഇതിലേക്കായി നാളെ വൈകുന്നേരം അഞ്ചിന് മുളവന നളന്ദ പബ്ലിക് ലൈബ്രറിയിൽ യോഗം ചേരും.
പട്ടികജാതിയിൽപെട്ട 38 വയസുകാരി മഞ്ജുവിന്റെ അമ്മ സാവിത്രി നേരത്തെ രോഗബാധിതയായി മരിച്ചു. കർഷക തൊഴിലാളിയായ പിതാവ് ശിശുപാലനാണ് മഞ്ജുവിനെ വളർത്തിയതും പഠിപ്പിച്ചതും. വോക്കേഷണൽ ഹയർ സെക്കൻഡറിയിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് കഴിഞ്ഞ് സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററായി മഞ്ജു ജോലിക്കു ചേർന്നു.
2012 ഏപ്രിൽ 18 നാണ് കാൻസർ രോഗം കണ്ടെത്തിയത്. അന്നുമുതൽ കൂലിപ്പണിക്കാരനായ ഭർത്താവ് രാജേഷിന്റെ വരുമാനത്തിലാണ് മഞ്ജുവിനെ തിരുവനന്തപുരം ആർസിസിയിൽ ചികിത്സിക്കുന്നത്. പ്രതിമാസം 7000 രൂപ മരുന്നിനും 2000 രൂപ രക്തം പരിശോധനക്കായും ചെലവാകുന്നു.
12 വർഷത്തെ ചികിത്സക്കായി 15 ലക്ഷം രൂപ ചെലവഴിച്ചു. ഇതിനിടെ അച്ഛൻ ശിശുപാലൻ കാൻസർ രോഗബാധിതനായി. കുടുംബത്തിന്റെ രോഗ വിവരങ്ങൾ സാമൂഹ്യ മാധ്യമം വഴി അറിഞ്ഞവർ സഹായം നൽകി തുടങ്ങി. ഇതിനിടയിൽ ചികിത്സാ ചെലവ് കൂടുകയും മരുന്നു വാങ്ങാൻ പണമില്ലാതെയും രക്തത്തിൽ അണുക്കൾ വ്യാപിച്ചും ശിശുപാലൻ ഏപ്രിലിൽ മരിച്ചു. ഇതോടെ കുടുംബം സാമ്പത്തികമായി കൂടുതൽ പ്രതിസന്ധിയിലായി.
ഇപ്പോൾ മരുന്നുവാങ്ങാനും ചികിത്സക്കുള്ള യാത്രാ ചെലവിനുമുള്ള പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് മഞ്ജുവിന്റെ കുടുംബം. തുടർചികിത്സയ്ക്കുള്ള പണം സ്വരൂപിക്കാനായി
പ്രദേശത്തെ ജനപ്രതിനിധികളെയും സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് ചികിത്സാസഹായ സമിതി രൂപീകരിക്കുന്നത്.