പന്നിപ്പടക്കം കടിച്ച് നായ ചത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ
1530937
Saturday, March 8, 2025 1:52 AM IST
കുമ്പള: പന്നിപ്പടക്കം കടിച്ച് വളർത്തുനായ ചത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ജീപ്പ് ഡ്രൈവറായ കുണ്ടംകുഴി സ്വദേശി ഉണ്ണികൃഷ്ണൻ (45) ആണ് അറസ്റ്റിലായത്. ഹേരൂർ മീപ്പുഗിരിയിലെ കൊറഗപ്പയുടെ വളർത്തുനായയാണ് കഴിഞ്ഞദിവസം രാത്രി വീടിനു സമീപത്തുവച്ച് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ചത്തത്.
തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പന്നിപ്പടക്കം വച്ച നായാട്ടുസംഘം സഞ്ചരിച്ചതെന്നു കരുതുന്ന ജീപ്പ് കണ്ടെത്തിയത്. ഡ്രൈവർ ഉണ്ണികൃഷ്ണൻ മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ജീപ്പിനകത്തുനിന്ന് രണ്ട് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. സംഘത്തിൽ പത്തോളം പേർ ഉണ്ടായിരുന്നതായി സംശയിക്കുന്നു.