കമ്മാടം കാവിലേക്ക് സഞ്ചാരികൾക്ക് വഴികാട്ടുമോ..?
1530936
Saturday, March 8, 2025 1:52 AM IST
കുന്നുംകൈ: കേരളത്തിലെ ഏറ്റവും വലിയ കാവായ കമ്മാടം കാവിൽ ജൈവവൈവിധ്യ പഠനത്തിനും വിനോദസഞ്ചാരത്തിനും കൂടുതൽ അവസരമൊരുക്കണമെന്ന് ആവശ്യമുയരുന്നു. പശ്ചിമഘട്ടത്തിലെ അപൂർവമായ മിറിസ്റ്റിക്ക ചതുപ്പുനിലങ്ങളടക്കമുള്ള വൈവിധ്യമാർന്ന വനഘടനയാണ് 54.76 ഏക്കര്‍ വിസ്തൃതിയുള്ള കാവിനകത്തുള്ളത്.
കമ്മാടം കാവിലെ 3.94 ഏക്കര്‍ സ്ഥലം മാത്രമാണ് ദേവസ്വത്തിന്റേതായിട്ടുള്ളത്. ബാക്കിയുള്ള സ്ഥലത്തിലധികവും നേരത്തേ റവന്യൂവകുപ്പിന്റെ കൈവശമായിരുന്നു. ഇപ്പോൾ ഇതിലേറെയും വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് വനംവകുപ്പിന് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇരൂള്‍, ഈട്ടി, വൈനാവ്, വെണ്‍തേക്ക്, ചോരപ്പാലി, വെണ്‍കൊട്ട, കാട്ടുജാതിക്ക എന്നിവയടക്കമുള്ള മരങ്ങളും ഈറ്റക്കാടുകളും മലയണ്ണാന്, വേഴാമ്പല്‍ എന്നിവയുള്‍പ്പെടെയുള്ള ജന്തുജാലങ്ങളും കാവിനകത്തുണ്ട്. ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിൽ മൂന്നേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മിറിസ്റ്റിക്ക ചതുപ്പുനിലങ്ങൾ കുളിരും ദൃശ്യഭംഗിയും ജൈവവൈവിധ്യങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. കണ്ടൽക്കാടുകളെപ്പോലെ വെള്ളത്തിൽ വളരുന്ന ഉയരം കുറഞ്ഞ മരങ്ങളാണ് ഈ ചതുപ്പുനിലങ്ങളിലുള്ളത്.
ജലോപരിതലത്തിനു മുകളിൽ വളഞ്ഞുനിൽക്കുന്ന വേരുകളുടെ ശൃംഖലയും ഇവയെ വേറിട്ടതാക്കുന്നു. തേജസ്വിനി പുഴയുടെ കൈവഴികളായി മാറുന്ന അഞ്ച് അരുവികള്‍ കാവില്‍നിന്നും ഉത്ഭവിക്കുന്നുണ്ട്. വനംവകുപ്പും ദേവസ്വം ബോർഡും സഹകരിച്ചാൽ കമ്മാടം കാവിലും കോട്ടഞ്ചേരിയിലെ വനവിദ്യാലയത്തിന്റെ മാതൃകയിൽ വിദ്യാർഥികളെയടക്കം പങ്കെടുപ്പിച്ച് ക്യാമ്പുകൾ നടത്താനാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വനഭൂമിക്കൊപ്പം റവന്യൂഭൂമിയും ഉള്ളതിനാൽ വിനോദസഞ്ചാര വികസനത്തിനായി കൂടുതൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കാനും ബുദ്ധിമുട്ടുണ്ടാവില്ല.