കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ജനറേറ്റര്‍ കേടായി
1530607
Friday, March 7, 2025 12:37 AM IST
കാസര്‍ഗോഡ്: ജനറല്‍ ആശുപത്രിയില്‍ ഓപ്പറേഷന് തിയേറ്ററില്‍ ശസ്ത്രക്രിയ നടക്കുന്നിനിടെ ജനറേറ്റര്‍ കേടായി. വൈദ്യുതി മുടക്കം തുടരുന്നതിനിടെയാണ് ജനറേറ്ററും പണിമുടക്കിയത്. തുടർന്ന് അടിയന്തരമായി മറ്റൊരു ജനറേറ്റർ എത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി. പ്രധാന ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തുമ്പോള്‍ വൈദ്യുതി മുടക്കത്തിനൊപ്പം ജനറേറ്ററും കേടാകുന്നത് ജീവനു ഭീഷണിയാണെന്ന് അധികൃതര്‍ പറയുന്നു.
വൈദ്യുതി മുടക്കം ഇവിടെ പതിവാണ്. ഇപ്പോള്‍ ദിവസം 4000 രൂപ നിരക്കില്‍ വാടക നല്കി ജനറേറ്റര്‍ വാങ്ങി വച്ചിട്ടുണ്ട്. ഇതാണ് കേടായത്.
ആശുപത്രിയുടെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും വേണ്ടി പ്രത്യേക വൈദ്യുതിലൈന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തെക്കില്‍ ടാറ്റാ ആശുപത്രിയില്‍ നിന്ന് ഇവിടേക്ക് മാറ്റാന്‍ കളക്ടര്‍ അനുമതി നല്കിയ ജനറേറ്റര്‍ ഇനിയും കിട്ടിയതുമില്ല.
നഗരസഭ ഇതിനു 10 ലക്ഷത്തോളം രൂപ ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതു കിട്ടാന്‍ ഏപ്രില്‍ കഴിയും. അതു വരെ വാടകയ്ക്കുള്ള ജനറേറ്റര്‍ തന്നെയാണ് ആശ്രയം.