തെയ്യങ്ങളുടെ അനുഗ്രഹം തേടി സുരേഷ് ഗോപി
1530942
Saturday, March 8, 2025 1:52 AM IST
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോൽസവത്തിലെ തെയ്യങ്ങളിൽ നിന്ന് അനുഗ്രഹം തേടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കഴക സന്നിധിയിലെത്തി. അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി തെയ്യങ്ങളെ തൊഴുത് മഞ്ഞൾ കുറി വാങ്ങിയ സൂപ്പർ താരം കുച്ചിലിൽ നോറ്റിരിക്കുന്ന കോലധാരികളെയും കണ്ടു.
ഇന്നലെ രാവിലെ കഴക സന്നിധിയിലെത്തിയ സുരേഷ് ഗോപിയെ രാമവില്യം കഴകം ഭാരവാഹികളും പെരുങ്കളിയാട്ട സംഘാടകസമിതി ഭാരവാഹികളും ചേർന്ന് കിഴക്കേനടയിൽ സ്വീകരിച്ചു. വടക്കേ അറയിൽ തൊഴുത് കാണിക്ക അർപ്പിച്ച അദ്ദേഹം പ്രധാന തെയ്യങ്ങളായ പടക്കത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും കോലധാരികളെ കുച്ചിലിൽ കണ്ടു.
തുടർന്ന് പടിപ്പുരയിൽ കയറിസ്ഥാനീകരെ കണ്ട ശേഷമാണ് അരങ്ങിലെത്തിയ അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി തെയ്യങ്ങളെ തൊഴുത് മഞ്ഞൾ കുറി വാങ്ങിയത്. തുടർന്ന് തങ്കയം ഉത്തമന്തിൽ ക്ഷേത്രപാലക ക്ഷേത്രദർശനവും നടത്തിയാണ് അദ്ദേഹം തൃക്കരിപ്പൂർ വിട്ടത്.