കര്‍ണാടകയില്‍ അറ്റകുറ്റപ്പണി; പരീക്ഷക്കാലത്ത് ജില്ലയില്‍ വൈദ്യുതി നിയന്ത്രണം
1530504
Thursday, March 6, 2025 8:30 AM IST
കാസർഗോഡ്: വൈദ്യുത ലൈനിലെ അറ്റകുറ്റപണിയുടെ പേരിൽ കേരളത്തിലേക്കുള്ള വൈദ്യുതിക്ക് കർണാടക നിയന്ത്രണം ഏർപ്പെടുത്തിയതോടെ പരീക്ഷക്കാലത്ത് ജില്ലയിൽ വൈദ്യുതി മുടക്കം പതിവായി. പൂർണമായും കർണാടക വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ജില്ലയുടെ വടക്കൻ മേഖലയിലുള്ള സബ് സ്റ്റേഷനുകളിൽ കഴിഞ്ഞ മൂന്നു ദിവസവും ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടിവന്നു.
മഞ്ചേശ്വരം, കുബനൂർ, മുള്ളേരിയ, വിദ്യാനഗർ സബ് സ്റ്റേഷനുകളുടെ പരിധിയിലാണ് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയത്. ജില്ലയിലെ മറ്റു സബ് സ്റ്റേഷനുകളുടെ പരിധിയിലും ഇടയ്ക്കിടെ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ടായി.
കർണാടകയിലെ വരാഹി-ഹെഗുൻജെ 220 കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതാണ് കേരളത്തിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങാൻ കാരണമായി പറയുന്നത്. ഈ സമയത്ത് കേരളം സതേൺ പവർ ഗ്രിഡിൽ നിന്ന് അധികമായി വൈദ്യുതി എടുക്കണമെന്ന് കർണാടക അധികൃതർ നിർദേശിച്ചിരുന്നു. എന്നാൽ വടക്കൻ കേരളത്തിൽ സതേൺ പവർ ഗ്രിഡിൽ നിന്ന് നേരിട്ട് വൈദ്യുതിയെടുക്കാവുന്ന തരത്തിലുള്ള പ്രസരണ ലൈനുകൾ ഇനിയും പൂർത്തിയാകാത്തതിനാൽ ഇത് നടപ്പായില്ല.
കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് 220 കെവി സബ് സ്റ്റേഷനിൽ നിന്ന് മൈലാട്ടി വരെ ഒരുവിധം വൈദ്യുതി എത്തിക്കാനാവുന്നുണ്ട്. എന്നാൽ മൈലാട്ടിയിൽ നിന്ന് വടക്കോട്ട് കൂടുതൽ ലോഡ് താങ്ങാവുന്ന പ്രസരണ ലൈൻ ഇതുവരെ സ്ഥാപിച്ചിട്ടില്ല. മൈലാട്ടി-വിദ്യാനഗർ 110 കെവി ലൈനിലൂടെയാണ് വടക്കോട്ട് വൈദ്യുതി എത്തിക്കേണ്ടത്. ഈ ലൈനിന് താങ്ങാവുന്ന വൈദ്യുതിയുടെ അളവ് വളരെ പരിമിതമാണ്. വേനല്‍ക്കാലത്തെ അമിത വൈദ്യുതി ഉപയോഗം പരിഗണിക്കുമ്പോൾ ഇത് തീർത്തും അപര്യാപ്തമാണ്. കർണാടകയിലെ ലൈനിന്റെ അറ്റകുറ്റപണി കഴിഞ്ഞ് വൈദ്യുതി വിതരണം സാധാരണ നിലയിലാകണമെങ്കിൽ ഇനിയും രണ്ടോ മൂന്നോ ദിവസം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.