പിണറായി വിജയനെ തൊഴിലാളികൾ സ്ഥാനഭ്രഷ്ടനാക്കുന്ന കാലം വിദൂരമല്ല: സി.കെ. പത്മനാഭൻ
1531380
Sunday, March 9, 2025 7:49 AM IST
കാസർഗോഡ്: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന ആശ വർക്കർമാരെ പരിഹസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തൊഴിലാളികൾ സ്ഥാനഭ്രഷ്ടരാക്കുന്ന കാലം വിദൂരമല്ലെന്ന് മുതിർന്ന ബിജെപി നേതാവ് സികെ. പത്മനാഭൻ പറഞ്ഞു. വരും ദിവസങ്ങളിൽ ആശ വർക്കർമാർക്ക് പിന്തുണയുമായി കേരളമെമ്പാടും സമരങ്ങൾ അരങ്ങേറുമെന്നും സമരത്തിന് ഐക്യദാർഢ്യവുമായി ബിജെപി കാസർഗോഡ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പ്രത്യേക പ്രതിനിധി ലക്ഷക്കണക്കിന് രൂപ ഹോണറേറിയം കൈപ്പറ്റുമ്പോഴാണ് പാട്ട പിരിവുകാർ നടത്തുന്ന സമരമെന്ന് സിഐടിയു നേതാവ് ആശ വർക്കർമാരുടെ സമരത്തെ പരിഹസിച്ചതെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.
കോ-ബ്രാൻഡിംഗ് നടപ്പാക്കിയാൽ പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്ന പല പദ്ധതികളും കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് ഭയക്കുന്നതുകൊണ്ടാണ് പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ ഇവിടെ പേരുമാറ്റി നടപ്പാക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു. സവിത ടീച്ചർ, എം. ജനനി, പുഷ്പ ഗോപാലൻ, പ്രമീള മജൽ എന്നിവർ പ്രസംഗിച്ചു.