പാലാവയൽ-ഓടക്കൊല്ലി ഭാഗങ്ങളിൽ വന്യമൃഗ ആക്രമണങ്ങൾ തടയാൻ നടപടി വേണം
1530943
Saturday, March 8, 2025 1:52 AM IST
പാലാവയൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് ഏഴാംവാർഡിൽ പെട്ട പാലാവയൽ, ഓടപ്പള്ളി, ഓടക്കൊല്ലി ഭാഗങ്ങളിൽ വന്യമൃഗ ആക്രമണങ്ങൾ തടയാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് ഓടപ്പള്ളി ഹരിത സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിക്ക് നിവേദനം നല്കി.
കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിന്റെ മാതൃകയിൽ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള തീരുമാനമുണ്ടാകണമെന്നും പാലാവയൽ-ഓടക്കൊല്ലി റോഡിൽ നിശ്ചിത അകലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും നിലവിൽ പ്രവർത്തനരഹിതമായ വൈദ്യുതവേലിയുടെ അറ്റകുറ്റപണികൾ നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പുഴയോരത്ത് ഓടപ്പള്ളി മുതൽ മീനഞ്ചേരി വരെയുള്ള ഭാഗത്ത് വർഷങ്ങൾക്കുമുമ്പ് പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച വൈദ്യുതവേലി കാലപ്പഴക്കം മൂലം പ്രവർത്തനരഹിതമായിരിക്കുകയാണ്.
കഴിഞ്ഞദിവസം പാലാവയൽ-ഓടക്കൊല്ലി റോഡിൽ പുലർച്ചെ ബൈക്കിൽ റബർ ടാപ്പിംഗിനു പോയ കർഷകൻ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് ചികിത്സയിലാണ്. കാട്ടുപന്നികളും കാട്ടാനകളും മനുഷ്യരുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിനൊപ്പം കുരങ്ങുകളും മയിലുകളുമെല്ലാം കൃഷി നശിപ്പിക്കാനെത്തുന്നു. ഈ സാഹചര്യം പരിഗണിച്ച് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.