ഫർണിച്ചറുകൾക്ക് ന്യൂജെൻ വൈബ്; മരവ്യവസായം പ്രതിസന്ധിയിൽ
1530505
Thursday, March 6, 2025 8:31 AM IST
കാസർഗോഡ്: വീട് നിർമാണത്തിനും ഫർണിച്ചറുകൾക്കുമെല്ലാം പുതിയ സാങ്കേതികവിദ്യകളേറുമ്പോൾ മരവ്യവസായം പ്രതിസന്ധിയിൽ. കോൺക്രീറ്റ് കൊണ്ടും അലൂമിനിയവും സ്റ്റീലും കൊണ്ടുമുള്ള കട്ടിളകളും ജനലുകളും വ്യാപകമായതോടെ വീടുപണിക്ക് മരം വാങ്ങാൻ പോകുന്നവരുടെ എണ്ണം കുറഞ്ഞു.
ചെലവുകുറഞ്ഞ തരത്തിൽ വീട് നിർമിക്കുന്നവർ മിക്കവാറും മരത്തിനു പകരം കോൺക്രീറ്റ്, അലൂമിനിയം കട്ടിളകളും ജനലുകളുമാണ് ഉപയോഗിക്കുന്നത്. വൻകിട കെട്ടിടങ്ങളും ഫ്ളാറ്റുകളുമെല്ലാം ജനലുകളുടെ സ്ഥാനത്ത് അലൂമിനിയം, സ്റ്റീൽ ഫാബ്രിക്കേഷൻ രീതികളിലേക്ക് മാറി.
ഫർണിച്ചറുകളും മിക്കവാറും സ്റ്റീലിലേക്കും ഫൈബറിലേക്കുമൊക്കെ വഴിമാറി. പഴയ ഓടിട്ട വീടുകളുടെ മേൽക്കൂര പുനർനിർമിക്കുമ്പോൾ പോലും മരത്തിനു പകരം മിക്കവാറും ഇരുമ്പുപട്ടികകളാണ് ഉപയോഗിക്കുന്നത്.
പറമ്പുകളിലെ ചെറുതും വലുതുമായ മരങ്ങൾക്കെല്ലാം വിലകുറഞ്ഞു. കുറഞ്ഞ വിലയ്ക്ക് പ്ലൈവുഡ് ഫാക്ടറികളിലേക്ക് മാത്രമാണ് ഇപ്പോൾ കാര്യമായി മരങ്ങൾ എടുക്കുന്നത്. മരംമുറിക്കുന്ന തൊഴിലാളികളുടെ കൂലിയും കയറ്റിറക്കുകൂലിയും വാഹനച്ചെലവും കഴിച്ചാൽ ഉടമയ്ക്ക് കാര്യമായൊന്നും കിട്ടാനുണ്ടാവില്ല. പ്ലാവിനും തേക്കിനും പോലും മുൻകാലങ്ങളിലേതുപോലെ ഡിമാൻഡില്ലാതായി.
ഇതിനൊപ്പം തൊഴിൽ നഷ്ടപ്പെട്ട ഒരു പ്രധാന വിഭാഗം പരമ്പരാഗത മരപ്പണിക്കാരാണ്. മരപ്പണിയിൽ യന്ത്രവത്കരണം വ്യാപകമായതോടെതന്നെ പഴയ തരത്തിലുള്ള മരപ്പണിക്കാരുടെ തലമുറ ഏറെക്കുറെ കുറ്റിയറ്റു പോയിരുന്നു. യന്ത്രവത്കരണം വന്നതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനവാതിലുകളും ഫർണിച്ചറുകളുമൊക്കെ ഉണ്ടാക്കാമെന്ന നില വന്നെങ്കിലും ആവശ്യക്കാർ കുറയുന്നത് പുതുതലമുറക്കാരെയും വലയ്ക്കുകയാണ്.
ചിലരൊക്കെ സ്വന്തമായി ഫർണിച്ചറുകൾ ഉണ്ടാക്കി വില്പന നടത്തുന്ന കടകൾ തുറന്നിട്ടുണ്ടെങ്കിലും മരം കൊണ്ടുള്ള ഫർണിച്ചറുകളുടെ താരതമ്യേന ഉയർന്ന വില ഇടത്തരക്കാരെ അവ വാങ്ങുന്നതിൽനിന്ന് പിന്നോട്ടുവലിക്കുകയാണ്. അലുമിനിയം, സ്റ്റീൽ ഫാബ്രിക്കേഷനിൽ നിർമിച്ച സാധനങ്ങൾക്ക് മരത്തിന്റേതുപോലെ മെയിന്റനൻസ് ജോലികൾ വേണ്ടിവരില്ലെന്നതും കൂടുതൽകാലം നിലനിൽക്കുമെന്നതും ആകർഷണങ്ങളാകുന്നു.