എബിസിഡി മെഗാക്യാമ്പ് 225 കുടുംബങ്ങള്‍ക്ക് സേവനങ്ങള്‍ നല്കി
1530940
Saturday, March 8, 2025 1:52 AM IST
പനത്തടി: പഞ്ചായത്ത് പട്ടികവര്‍ഗ വികസന വകുപ്പിന്റെയും അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെയും നേതൃത്വത്തില്‍ ബളാന്തോട് മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിൽ സംഘടിപ്പിച്ച എബിസിഡി മെഗാ ക്യാമ്പ് സബ്കളക്ടര്‍ പ്രതീക് ജെയിന് ഉദ്ഘാടനം ചെയ്തു. മൊത്തം 225 വ്യക്തികള്‍ പങ്കെടുത്ത ക്യാമ്പില്‍ 375 സേവനങ്ങള്‍ വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി 61 പേര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍, 30 പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍, 55 ഇലക്ഷന് ഐഡി കാര്‍ഡുകള്‍, 142 ഡിജിലോക്കര്‍ അക്കൗണ്ടുകള്‍, അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ ,24 ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍, എട്ട് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ , 50 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ ലഭ്യമാക്കി.
സിവില്‍ സപ്ലൈസ് വകുപ്പ്, റവന്യൂ വകുപ്പ്, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി, ആരോഗ്യവകുപ്പ്, ലീഡ് ബാങ്ക്, തദ്ദേശസ്വയംഭരണ വകുപ്പ്, പനത്തടി സെന്റ് മേരീസ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, അക്ഷയ സംരംഭകര്‍, അക്ഷയ് ജില്ലാ ഓഫീസ്, ഊരുമൂപ്പന്മാര്, ഇലക്ഷന് ഐഡി വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പിലെ പ്രമോട്ടര്‍മാര്‍ എന്നിവര്‍ പങ്കാളികളായി. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തവർക്ക് ഒരുമാസത്തേക്ക് അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടറുകള്‍ സജ്ജീകരിച്ച് രേഖകള്‍ നൽകും.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് പി.എം.കുര്യാക്കോസ്, സ്ഥിരംസമിതി അധ്യക്ഷരായ ലത അരവിന്ദന്, സുപ്രിയ ശിവദാസ്, രാധാകൃഷ്ണ ഗൗഡ, അസി.സെക്രട്ടറി എം.വിജയകുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ചന്ദ്രാമതിയമ്മ, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി.മുരളി എന്നിവര്‍ സംസാരിച്ചു. അക്ഷയ പ്രോജക്റ്റ് മാനേജര്‍ കപില്‍ദേവ് പദ്ധതി വിശദീകരിച്ചു. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അബ്ദുള്‍ സലാം സ്വാഗതവും എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സലീം നന്ദിയും പറഞ്ഞു.