തദ്ദേശസ്ഥാപനങ്ങള്‍ നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കണം
1530498
Thursday, March 6, 2025 8:30 AM IST
കാസര്‍ഗോഡ്:തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിയില്‍ നൈപുണ്യ വികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് സംയുക്ത പദ്ധതികളും ആസൂത്രണം ചെയ്യാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്.
ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ജനകീയാസൂത്രണവും നവകേരള മിഷനും പോലെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനമാണ് കേരള നോളജ് ഇക്കണോമിക് മിഷന്. ഇതിന്റെ ഭാഗമായി അഭ്യസ്ഥവിദ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയും തൊഴില്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന നൈപുണ്യ പരിശീലന പദ്ധതികളിലൂടെ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നേടി കൊടുക്കാന്‍ സാധിക്കും. നൈപുണ്യ വികസന പ്രവര്‍ത്തങ്ങള്‍ക്കായി പഞ്ചായത്തുകള്‍ 10ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും ഇതിനായി മാറ്റി വെക്കണമെന്നാണ് നിര്‍ദേശം ജില്ലാ പഞ്ചായത്ത് ഇതിനായി 90 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്ത പദ്ധതികളും ആവിഷ്കരിക്കാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.