സ്വർണത്തിളക്കത്തിലേക്ക് ടാർളിക്ക് വഴിയൊരുക്കാൻ ജനകീയ കമ്മിറ്റി
1530031
Wednesday, March 5, 2025 2:12 AM IST
കമ്പല്ലൂർ: തായ്വാനിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 60 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കമ്പല്ലൂർ സ്വദേശിനി കെ.എം. ടാർളിക്ക് യാത്രച്ചെലവ് സമാഹരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ചെയർമാനും പി.കെ. മോഹനൻ കൺവീനറുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചു.
നിർധന കുടുംബാംഗമായ ടാർളി ശ്രീലങ്കയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത് മൂന്ന് സ്വർണമെഡലുകൾ നേടിയിരുന്നു. ഇതിലൂടെയാണ് ലോക മീറ്റിൽ പങ്കെടുക്കാൻ അർഹത നേടിയത്. തായ്വാനിലെത്തി ലോക മീറ്റിൽ പങ്കെടുക്കുന്നതിന് മൂന്നു ലക്ഷത്തോളം രൂപ ചെലവുവരും. ഇത് സമാഹരിച്ചു നല്‍കുന്നതിനായാണ് ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കിയത്. സംഭാവനകൾ നല്കാൻ താത്പര്യപ്പെടുന്നവർക്ക് കേരള ബാങ്ക് ചിറ്റാരിക്കാൽ ബ്രാഞ്ചിലെ 17891230 12074 27 എന്ന അക്കൗണ്ടിലേക്ക് (ഐഎഫ്എസ് സി കോഡ് കെഎസ്ബികെ0001789) അയച്ചുനല്‍കാം.