മീന്‍വളര്‍ത്തല്‍ കേന്ദ്രമായിരുന്ന കുളം പായല്‍മൂടിയ നിലയില്‍
1544233
Monday, April 21, 2025 6:47 AM IST
പേരൂര്‍ക്കട: വര്‍ഷങ്ങള്‍ക്കുമുമ്പു മത്സ്യകൃഷിയും വിളവെടുപ്പും ആഘോഷമാക്കിയിരുന്ന ഒരു കുളം ഇന്നു പായല്മൂടി നാശത്തിന്റെ വക്കിൽ. കുടപ്പനക്കുന്ന് കുറ്റിക്കോണം കുളത്തിന്റെ അവസ്ഥയാണ് ദയനീയമായ നിലയില്‍ തുടരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗെപ്പി, വരാല്, കാര്‍പ്പ് തുടങ്ങിയ നിരവധി മത്സ്യങ്ങളെ കുളത്തില്‍ നിക്ഷേപിച്ച് വളര്‍ത്തുകയും വിളവെടുപ്പ് ആഘോഷമാക്കി നടത്തുകയും ചെയ്തിരുന്നതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കുളത്തിന്റെ നവീകരണം പേരിലൊതുങ്ങുകയായിരുന്നു. കുടപ്പനക്കുന്ന് ഇരപ്പുകുഴിക്കു സമീപമാണ് കുളമുള്ളത്.
കുളത്തിനു ചുറ്റുമുള്ള മണ്ണിടിഞ്ഞു വെള്ളത്തിലേക്കുവീണതും വള്ളിച്ചെടികള്‍ പടര്‍ന്നു വെള്ളത്തിലേക്കു വീണുകിടക്കുന്നതുമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. നാശോന്മുഖമായതോടെ കുളത്തില്‍ മാലിന്യം തള്ളുന്നതും പതിവായിരിക്കുകയാണ്.
കുളത്തിലേക്ക് ഇറങ്ങുന്നതിനും വെള്ളമെടുക്കുന്നതിനും കല്‍പ്പടവുകള്‍ നിര്മിച്ചിരുന്നതുപോലും ഇന്ന് കാണാനില്ലാത്ത സ്ഥിതിയാണ്.
കുളത്തിലെ വെള്ളം ശുദ്ധീകരിക്കല്‍, ചളി വാരിമാറ്റല്, പായല്‍ നീക്കല്‍, സംരക്ഷണ ഭിത്തി നിര്‍മിക്കല്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ കുളം ഇനി ഉപയുക്തമാകൂവെന്നും എത്രയുംപെട്ടെന്ന് അധികൃതർ ഇക്കാര്യങ്ങൾ ചെയ്തു കുളം ഉപയോഗപ്രദമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.