ഷവര്‍മ കഴിച്ചവര്‍ക്കു ഭക്ഷ്യവിഷബാധ; 16 പേര് ആശുപത്രിയില്‍ ചികിത്സയില്‍
1543948
Sunday, April 20, 2025 6:02 AM IST
പേരൂര്‍ക്കട: ഹോട്ടലില്‍നിന്നു ഷവര്‍മ കഴിച്ചവര്‍ക്കു ഭക്ഷ്യവിഷബാധയേറ്റു. ഇവര്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ ആശുപത്രികളില ചികിത്സ തേടി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
മണക്കാട് പ്രവര്‍ത്തിക്കുന്ന ഇസ്താന്‍ബുള്‍ റോള്‍സ് ആൻഡ് ഗ്രില്‍സ് എന്ന ഹോട്ടലില്‍നിന്നു ഷവര്‍മ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഇവരില്‍ ആറുപേര്‍ വിഴിഞ്ഞം ഗവ. ആശുപത്രിയിലും അഞ്ചുപേര്‍ പാളയം ജൂബിലി ആശുപത്രിയിലും മൂന്നുപേര്‍ പാല്‍ക്കുളങ്ങര ഗവ. ആശുപത്രിയിലും ഒരാള്‍ പിആര്‍എസ് ആശുപത്രിയിലും മറ്റൊരാള്‍ കിംസ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ഹോട്ടല്‍ഭക്ഷണം കഴിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ദേഹാസ്വാസ്ഥ്യവും ഛര്‍ദിയുമാണ് അനുഭവപ്പെട്ടത്. ശാരീരിക അവശത അനുഭവപ്പെട്ട ഏഴുപേര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്നു മണക്കാട് ഹെല്‍ത്ത് സര്‍ക്കിളിലെ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ഐ. ബിജു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി.
ആഹാരത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നും ഇവര്‍ക്ക് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുണ്ടെന്നും അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടോയെന്നു സംശയമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഹോട്ടല്ഭക്ഷണത്തിനൊപ്പം ലഭിക്കുന്ന മയണൈസില്‍ നിന്നാകാം വിഷബാധയുണ്ടായതെന്നു കരുതുന്നതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ആരോഗ്യവകുപ്പ് ഇടപെട്ടു പൂട്ടി.