പൊള്ളലേറ്റ് വയോധികൻ മരിച്ചു
1544069
Monday, April 21, 2025 12:56 AM IST
വിഴിഞ്ഞം : കുടുംബ പ്രശ്നത്തെ തുടർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വൃദ്ധൻ പൊള്ളലേറ്റ് മരിച്ചു. വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തിൽ രേവതി ഭവനിൽ കൃഷ്ണൻകുട്ടി (72) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെയാണ് സംഭവം. ഒരു കോമ്പൗണ്ടിനുള്ളിൽ നിർമിച്ച മൂന്നുവിടുകളിൽ ഒന്നിലെ രണ്ടാം നിലയിൽ ടെക്നോപാർക്കിൽ ജോലിയുള്ള മൂത്ത മകൾ സന്ധ്യയും ഒരു വീട്ടിൽ രണ്ടാമത്തെ മകൾ സൗമ്യയും കൃഷ്ണൻകുട്ടിയും ഭാര്യ വസന്തയുമാണ് താമസം. സന്ധ്യയോടൊപ്പം സഹപ്രവർത്തകയായ യുവതിയും താമസമാക്കിയത് വൃദ്ധൻ ചോദ്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇത് കുടുംബ പ്രശ്നത്തിനു വഴിതെളിച്ചു.
കഴിഞ്ഞദിവസം രാത്രിയിൽ രണ്ട് കന്നാസിൽ പട്രോൾ ശേഖരിച്ച കൃഷ്ണൻകുട്ടി ആദ്യം വീടിനു മുന്നിൽ നിർത്തിയിരുന്ന രണ്ട് സ്കൂട്ടറുകൾ അഗ്നിക്കിരയാക്കി. തുടർന്ന് മുറിക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തി.
മുറിയിൽ പടർന്ന തീ കൃഷ്ണൻകുട്ടിയുടെ ശരീരത്തെയും ബാധിച്ചു. കട്ടിലും ടിവിയും ഫർണിച്ചറുകളും എല്ലാം കത്തിയമർന്നു. വീടിന്റെ മറ്റൊരു മുറിയിൽ ഭാര്യയും മകളും ഉണ്ടായിരുന്നെങ്കിലും അവർ അപകടം കൂടാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സും കോവളം പോലീസും സ്ഥലത്ത് എത്തി. അരയ്ക്ക് താഴെ ഗുരുതരമായി പൊള്ളലേറ്റ വൃദ്ധനെ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരണമടഞ്ഞു. കോവളം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.